പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചുചെന്നൈ: പ്രശസ്ത സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. കരളിനെ ബാധിച്ച കാന്‍സറിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സ തുടരുന്നതിനിടെ ഇന്നു രാവിലെ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും അപ്പോള്‍ തന്നെ മരണം സംഭവിക്കുകയുമായിരുന്നു. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റന്‍പതിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജനപ്രിയ സംവിധായകനാണ് ഐ.വി ശശി.
മലയാളത്തില്‍ ഏറ്റവുമധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത രണ്ടു സംവിധായകരില്‍ ഒരാളാണ് എന്ന അംഗീകാരവും ഈ കലാകാരന്‍റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. ദേശീയ പുരസ്കാര ജേതാവായ ഇദ്ദേഹത്തെ സംസ്ഥാന സര്‍ക്കാര്‍ 2015ല്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
1968ല്‍ എ.വി.രാജിന്‍റെ കളിയല്ല കല്യാണം എന്ന സിനിമയില്‍ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ തുടക്കം.
1982-ല്‍ ആരൂഡത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാര്‍ഡ് നേടി. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്‍റെ സംവിധാന ജീവിതത്തിലെ പൊന്‍തൂവലുകളാണ്. ഉത്സവമാണ് ആദ്യചിത്രമെങ്കിലും അവളുടെ രാവുകളിലൂടെയാണ് മലയാളത്തിലെ വിലയേറിയ സംവിധായകനായി അദ്ദേഹം മാറിയത്. ജീവിത പങ്കാളിയായ അഭിനേത്രി സീമയെ കണ്ടുമുട്ടിയതും അവളുടെ രാവുകള്‍ എന്ന സിനിമയിലൂടെയാണ്. ഏകദേശം മുപ്പതോളം സിനിമകളില്‍ ഇവര്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചെന്ന റെക്കോര്‍ഡുമുണ്ട്. മക്കള്‍: അനു, അനി.

Post A Comment: