ആര്‍എസ്സ്‌എസ്സിന്‍റെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു


തിരുവനന്തപുരം: ആര്‍എസ്സ്‌എസ്സിന്‍റെ ശാഖാ പ്രവര്‍ത്തനങ്ങളില്‍ ചേരാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. തിരുവന്തപുരം ദനുവച്ചപുരം ബിടിഎം എന്‍എസ്‌എസ് കോളേജിലെ അഭിജിത്ത് എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ വെച്ച്‌ യുവാവിനെ വിവസ്ത്രനാക്കി മര്‍ദ്ദിക്കുകയായിരുന്നു. നിലവില്‍ എബിവിപിയുടെ ശാഖ മാത്രമാണ് കോളേജില്‍ പ്രവര്‍ത്തിക്കുന്നത്. എസ്‌എഫ്‌ഐക്കാരനായ അഭിജിത്ത് കോളേജില്‍ എസ്‌എഫ്‌ഐയുടെ സംഘടന രൂപീകരിക്കും എന്ന പേരിലാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കാന്റീനിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ കോളേജിലെ എബിവിപി പ്രവര്‍ത്തര്‍ തന്നെ പിടിച്ചുവച്ച്‌ ഭീഷണിപ്പെടുത്തുകയും വസ്ത്രം ഊരിച്ചശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നും അഭിജിത്ത് പറഞ്ഞു.
ആഴ്ചയിലൊരിക്കല്‍ കോളേജില്‍ നടക്കുന്ന ആര്‍എസ്‌എസ് ശാഖയുടെ യോഗങ്ങളില്‍ പങ്കെടുക്കണമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് അഭിജിത്ത് പറഞ്ഞു. തന്‍റെ പുസ്തകത്തില്‍ നിന്ന് ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് കാര്‍ഡ് കണ്ടത് തന്‍റെ ക്ലാസിലെ ഒരു സഹപാഠി എബിവിപി നേതൃത്വത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് അവര്‍ ഭീഷണിപ്പെടുത്തിയതും മര്‍ദ്ദിച്ചതെന്നും അഭിജിത്ത് പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ നേമം പൊലീസില്‍ പരാതി നല്‍കിയതായി അഭിജിത്ത് വ്യക്തമാക്കി. എന്നാല്‍ സംഭവം സംബന്ധിച്ച്‌ തങ്ങള്‍ക്ക് വിദ്യാര്‍ത്ഥിയില്‍ നിന്ന് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. ധനുവച്ചപുരം എന്‍എസ്‌എസ് കോളേജില്‍ വിദ്യാര്‍ത്ഥിക്ക് ആര്‍എസ്‌എസ് ശാഖായോഗത്തില്‍ പങ്കെടുക്കാത്തതിന് എബിവിപിക്കാരുടെ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ പറഞ്ഞു.

Post A Comment: