കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സ്വന്തം നിലയ്ക്ക് സുപ്രിം കോടതിയെ സമീപിക്കും


ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹികക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനെതിരെ മമതാ ബാനര്‍ജി സ്വന്തം നിലയ്ക്ക് സുപ്രിം കോടതിയെ സമീപിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയതിനെ കഴിഞ്ഞ ദിവസം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമത ആധാറിനെതിരെ ഒറ്റയ്ക്കുള്ള പോരാട്ടം ആരംഭിക്കുന്നത്.
ബംഗാള്‍ സര്‍ക്കാരിന്‍റെ ഹര്‍ജി തള്ളിയ കോടതി മുഖ്യമന്ത്രി മമത ബാനര്‍ജിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. കേന്ദ്രനിയമത്തെ സംസ്ഥാനങ്ങള്‍ക്ക് എങ്ങനെ ചോദ്യം ചെയ്യാന്‍ സാധിക്കുമെന്ന് ആരാഞ്ഞ കോടതി മമത നിയമത്തിന് അതീതയല്ലെന്നും അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ചോദ്യം ചെയ്യാനാകില്ല എന്ന് ജസ്റ്റിസുമാരായ എകെ സിക്രി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. വ്യക്തിപരമായി മമതയ്ക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികളില്‍ നവംബര്‍ അവസാനം മുതല്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ചായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക. ആധാര്‍ വിഷയത്തിലുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മമത താന്‍ പിന്നോട്ടില്ലെന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

Post A Comment: