പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി സ്വകാര്യ ബസിടിച്ച്‌ തത്ക്ഷണം മരിച്ചുആലുവ: പിതാവിനൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്ത ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി സ്വകാര്യ ബസിടിച്ച്‌ തത്ക്ഷണം മരിച്ചു. ആലുവ മുപ്പത്തടം കാര്‍ത്തിക ജുവലറിക്ക് എതിര്‍വശം തെരുവിപറമ്പില്‍ വീട്ടില്‍ ജെറോച്ചന്‍റെ മകള്‍ അനീസ ഡോളിയാണ് (20) മരിച്ചത്. ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാന്‍സിസ് സ്കൂളിന് മുമ്പിലായിരുന്നു അപകടം. ആലുവയില്‍ നിന്നും എറണാകുളത്തേക്ക് പോയ സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാന്‍ ബസ് വെട്ടിച്ചതാണ് അപകട കാരണം. സ്കൂട്ടറില്‍ നിന്നും അനീസ വലതുവശത്തേക്കാണ് തെറിച്ചുവീണത്. ഇതോടെ ബസിനടിയില്‍പ്പെട്ടു. ഉടന്‍ അനീസയെയും ജെറോച്ചനെയും ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും അനീസ മരിച്ചിരുന്നു. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായി ബസിലുണ്ടായിരുന്ന ചില യാത്രക്കാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മാതാവ്: മേരി. സഹോദരന്‍: അരുണ്‍.

Post A Comment: