പെരിങ്ങണ്ടൂരില്‍ മീന്‍പിടിക്കാന്‍ കിണറ്റില്‍ ഇറങ്ങിയ ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു


തൃശൂര്‍: വടക്കാഞ്ചേരി പെരിങ്ങണ്ടൂരില്‍ മീന്‍ പിടിക്കുന്നതിനിടെ രണ്ട് യുവാക്കള്‍  കിണറ്റില്‍ വീണ് മുങ്ങി മരിച്ചു. പെരിങ്ങണ്ടൂര്‍ സ്വദേശികളും ബന്ധുക്കളുമായ രാമന്‍കുളങ്ങര വീട്ടില്‍ ശ്രീജിത്ത് (21 ), രാമന്‍കുളങ്ങര വീട്ടില്‍ സൂരജ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. അപകടം നടന്ന കിണറിന് സമീപം മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യുന്ന ശബ്ദം കേട്ട് സമീപത്തെ പറമ്പിന്റെ ഉടമസ്ഥന്‍ ശിവപ്രസാദ് വന്ന് നോക്കിയപ്പോഴാണ് കിണറ്റില്‍ ചെരുപ്പുകള്‍ കണ്ടെത്തിയത്. അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി കിണറ്റില്‍ മുളന്തോട്ടി ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ ശ്രീജിത്തിന്റെ മൃതദേഹം കണ്ടെത്തി. വടക്കാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തി അരമണിക്കൂറോളം തിരച്ചില്‍ നടത്തിയ ശേഷമാണ് സൂരജിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. വടക്കാഞ്ചരി ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ എസ് ദിലീപിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സും, മെഡിക്കല്‍ കോളേജ് എസ് ഐ സേതുമാധവന്റെ നേതൃത്വത്തില്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.  


Post A Comment: