ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം പുറത്തേക്കു നല്കാനകില്ലെന്നു ഭക്തര്‍, നെറ്റിപ്പട്ടം കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു

ചേര്‍പ്പ്: ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടം പുറത്തേക്കു നല്കാനകില്ലെന്നു ഭക്തര്‍, നെറ്റിപ്പട്ടം കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു. തൃപ്പൂണിത്തുറ തൃക്കേട്ട ഉത്സവത്തിന് സ്വര്‍ണനെറ്റിപ്പട്ടം വിട്ടുനല്‍കാന്‍ കോടതി ഉത്തരവുണ്ടെന്നാണ് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ്വരി ക്ഷേത്രഭാരവാഹികളുടെയും കൊച്ചിന്‍ദേവസ്വം ബോര്‍ഡിന്റേയും നിലപാട്. രാജേഷ് നാരായണന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് സമ്പാദിച്ചിട്ടുള്ളത്. എന്നാല്‍ സ്വര്‍ണനെറ്റിപ്പട്ടം തിരുവാഭരണ വിഭാഗത്തില്‍പ്പെടുന്നതാണെന്നും അതു മറ്റു ക്ഷേത്രത്തിലേക്കു കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്നുമാണ് ഭക്തരുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് ഭക്തജനങ്ങള്‍ ഭീമഹര്‍ജി തയ്യാറാക്കി കൊച്ചിന്‍ദേവസ്വം ബോര്‍ഡിന് പരാതിയായി സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ ക്ഷേത്രത്തിലേക്ക് സ്വര്‍ണനെറ്റിപ്പട്ടം കൊണ്ടുപോകാനുള്ള നീക്കം ഭക്തര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ക്ഷേത്രത്തിന് ചുറ്റും പ്രതിഷേധമതില്‍ തീര്‍ത്താണ് ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ ഭക്തര്‍ പ്രതിരോധിച്ചത്. ഊരകം ക്ഷേത്രത്തിലെ വിശേഷ ചടങ്ങുകളില്‍ മാത്രം ചാര്‍ത്തുന്ന നെറ്റിപ്പട്ടം പുറത്തേക്ക് കൊണ്ടുപോകരുതെന്ന് ക്ഷേത്രം തന്ത്രിമാര്‍ നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞവര്‍ഷവും സ്വര്‍ണനെറ്റിപ്പട്ടം തൃപ്പൂണിത്തുറ ഉത്സവത്തിന് കൊണ്ടുപോകാന്‍ ശ്രമം നടത്തിയിരുന്നു.


Post A Comment: