വിദ്യര്‍ഥിനികളെ ബസ്സില്‍ കയറ്റുന്നത് സംമ്പന്ധിച്ച തര്‍ക്കം. നഗരത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരും, നഗരസഭ കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി.


കുന്നംകുളം: വിദ്യാര്‍ഥിനികളെ ബസ്സില്‍ കയറ്റുന്നത് സംബന്ധിച്ച തര്‍ക്കം. നഗരത്തില്‍ സ്വകാര്യ ബസ്സ് ജീവനക്കാരും, നഗരസഭ കൗണ്‍സിലര്‍മാരും ഏറ്റുമുട്ടി. 

സംഘര്‍ഷത്തിന്‍റെ മുഴുവന്‍ ദൃശ്യങ്ങളും കാണാന്‍.
സംഘര്‍ഷത്തില്‍ തലയ്ക്ക് പരിക്കേറ്റ തിരുത്തിക്കാട് വടാശ്ശേരി വീട്ടില്‍ ഷാജി (47) യെ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ്സ് ജീവനക്കാരായ  കരിക്കാട് കുറുപ്പിന്‍റെ വളപ്പില്‍ സന്ദീപ് (32) , ചാഴൂര്‍ അമ്പലത്ത് വീട്ടില്‍ ഷെറിന്‍ (32), എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് 4 ഓടെ പട്ടാമ്പി റോഡില്‍ മഹാത്മാഗാന്ധി വാണിജ്യ കേന്ദ്രത്തിനു സമീപമായിരുന്നു സംഘര്‍ഷം. തൃശൂരില്‍ നിന്നും കോഴിക്കോട് പോവുകയായിരുന്ന ഹാപ്പിഡേ എന്ന സ്വകാര്യ ബസ്സ് വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിച്ചു. ഈ സമയം അവിടെ ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ വേള്‍ഡ്കപ്പിന്‍റെ  ദീപ ശിഖ കാത്ത് നില്‍ക്കുകയായിരുന്ന നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഇതില്‍ പ്രതികരിക്കുകയും മുഴുവന്‍ വിദ്യാര്‍ഥികളെയും കയറ്റണമെന്ന് ആവശ്യപെടുകയും ചെയ്തു. എന്നാല്‍ കണ്ടക്ടര്‍ ഇതിനു തയ്യാറാകാതെ  ചെയര്‍പേഴ്‌സണെ ചീത്ത വിളിക്കുകയും ചെയ്തു. ഇത് കേട്ട് പരിസരത്തുണ്ടായിരുന്ന നഗരസഭാ അംഗങ്ങളടക്കമുള്ളവര്‍ കണ്ടക്ടറുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും ഇരുവിഭാഗവും പരസ്പരം കയ്യേറ്റത്തിനു മുതിരുകയും ചെയ്തു.  ഇതുകണ്ട്  ബസ്സില്‍ നിന്നു ഡ്രൈവര്‍ ഇറങ്ങിവന്ന്  ഇരുവരും ചേര്‍ന്ന് ചുറ്റുമുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് ഷാജിക്ക് പരിക്കേറ്റത്. ഇരുവിഭാഗം തമ്മില്‍ അടി മൂര്‍ച്ചിച്ചതോടെ സ്ഥലത്തെത്തിയ പോലീസ്   ആദ്യം കണ്ടക്ടറെ കസ്റ്റഡിയിലെടുത്ത് മടങ്ങി. പൊലീസ് മാറിയതോടെ ഡ്രൈവര്‍ വീണ്ടും കൗണ്‍സിലര്‍മാര്‍ക്ക് നേരെ ആക്രമണം തുടര്‍ന്നു. ഇതോടെ പോലീസ് എത്തി ഇയാളെയും കസ്റ്റഡിയിലെടുത്തു. നഗരത്തില്‍ സ്വകാര്യ ബസ്സുകള്‍ വിദ്യാര്‍ഥിനികളെ ബസ്സില്‍ കയറ്റാതെയും, അസഭ്യം പറയുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ എത്തുമ്പോള്‍ നേരിയ പരിഹാരം ഉണ്ടാകാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബസ്സ് ജീവനക്കാര്‍ തീര്‍ത്തും മോശമായാണ് പെരുമാറുന്നതെന്നും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായി നടപടിയുണ്ടാകണമെന്നും ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടു. ആക്രമണം സംബന്ധിച്ച് ചെയര്‍പേഴ്‌സണ്‍ പൊലീസിന് പരാതി നല്‍കി.

Post A Comment: