അഞ്ചു മക്കളുള്ള അമ്മയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി.


കൊല്ലം: അഞ്ചു മക്കളുള്ള അമ്മയെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. കൊല്ലം അഞ്ചലിലാണ് തൊണ്ണൂറ്റിയെട്ടു വയസ്സുള്ള വൃദ്ധയെ പോലീസ് മോചിപ്പിച്ചത്. അഞ്ചു മക്കളുള്ള മീനാക്ഷിയമ്മയേയാണ് പോലീസ് എത്തി മോചിപ്പിച്ചത്. പൂട്ടിയിട്ട നിലയില്‍ നിന്ന് മോചിപ്പിച്ചതിനു ശേഷം മക്കളില്‍ ഒരാളെ നിര്‍ബന്ധിച്ച്‌ അമ്മയെ നോക്കാന്‍ ഏല്‍പ്പിച്ചു. അഞ്ചു മക്കളോടും നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വൃദ്ധയെ മക്കള്‍ പൂട്ടിയിട്ടിരിക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് വൈകിട്ട് അഞ്ചു മണിയോടെ പോലീസ് സ്ഥലത്തെത്തിയത്. മീനാക്ഷിയമ്മയുടെ ഒരു മകന്റെ ആളൊഴിഞ്ഞ വീട്ടിലാണ് വൃദ്ധയായ അമ്മയെ പൂട്ടിയിട്ടിരുന്നത്. ചിലപ്പോള്‍ മാത്രം ആരെങ്കിലും എത്തി ഭക്ഷണം നല്‍കുകയാണ് പതിവ്. പോലീസ് സ്ഥലത്തെത്തി അഞ്ചു മക്കളേയും വിളിച്ചു വരുത്തി അമ്മയെ നോക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മറ്റു മക്കളുണ്ടല്ലോ എന്ന് പറഞ്ഞ് ഓരോരുത്തരും കൈയൊഴിയുകയായിരുന്നു. സ്വന്തം അമ്മയെ നോക്കാനുള്ളതിനാല്‍ സമയമില്ലെന്ന് ഒരു മരുമകളും പോലീസിന് മറുപടി നല്‍കി. തുടര്‍ന്ന് താല്‍ക്കാലികമായി ഒരു മകന്റെ വീട്ടില്‍ വൃദ്ധയെ ഏല്‍പ്പിച്ചു. അമ്മയുടെ സംരക്ഷണം ആരും ഏറ്റെടുത്തില്ലെങ്കില്‍ ആശ്രയകേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നും, മക്കള്‍ക്കെതിരെ കേസ് എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.

Post A Comment: