തീവ്രവാദികള്‍ക്ക് മതമില്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ്



ഇംഫാല്‍: തീവ്രവാദികള്‍ക്ക് മതമില്ലെന്ന് ടിബറ്റിന്റെ ആത്മീയ നേതാവ്. ലോകത്ത് മുസ്ലിം തീവ്രവാദിയോ ക്രിസ്ത്യന്‍ തീവ്രവാദിയോ ഇല്ല. തീവ്രവാദത്തിലേയ്ക്ക് എത്തിക്കഴിഞ്ഞാല്‍ പിന്നെ മതമില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ദലൈ ലാമ പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. ഒരാളുടെ മതം ഏതായാലും തീവ്രവാദം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ മതത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. മതവിശ്വാസം പുലര്‍ത്തുന്നതും മതപ്രചാരണം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിനും വ്യത്യസ്ത വിശ്വാസങ്ങളുണ്ടാവാം. അവര്‍ അത് സംരക്ഷിക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റുവിഭാഗങ്ങളെ പരിവര്‍ത്തനം നടത്തുന്നത് ശരിയല്ല- അദ്ദേഹം പറഞ്ഞു. ചരിത്രപരമായി ഇന്ത്യ വ്യത്യസ്ത മതങ്ങളുള്ള രാജ്യമാണ്. അഹിംസയുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിന് ലോകത്തെ സമാധാനത്തിലേയ്ക്ക് നയിക്കാനാവും. ഇന്ത്യയും ചൈനയും മഹത്തായ രണ്ടു രാജ്യങ്ങളാണ്. അതിര്‍ത്തിയില്‍ ചില പ്രശ്നങ്ങളുണ്ട്. എന്നാല്‍ അത് ഗൗരവതരമായ ഒരു സ്ഥിതിയിലേയ്ക്ക് നീങ്ങുമെന്ന് കരുതുന്നില്ല. യുദ്ധത്തിലേയ്ക്കു നീങ്ങിയാല്‍ ഒരു രാജ്യത്തിനും വിജയം വരിക്കാനാവില്ലെന്നും അതുകൊണ്ടുതന്നെ ഇന്ത്യയും ചൈനയും യുദ്ധത്തിലേയ്ക്കു നീങ്ങുമെന്ന് കരുതുന്നില്ലെന്നും ഡോക്ലാം പ്രശ്നത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു ഏഷ്യന്‍ യൂണിയന്‍ രൂപംകൊള്ളുക എന്നത് തന്റെ ഒരു സ്വപ്നമാണെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മാറിലെ മതസംബന്ധിയായ അസഹിഷ്ണുതയും മുസ്ലിം വിഭാഗങ്ങള്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും ദലൈ ലാമ വ്യക്തമാക്കി.


Post A Comment: