ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാര്‍ ചുമന്നുകൊണ്ടുപോയത് ഒമ്പത് കിലോമീറ്റര്‍ ദൂരം
നിലമ്പൂര്‍: ചോലനായ്ക്ക യുവതിയുടെ മൃതദേഹം നാട്ടുകാര്‍ ചുമന്നുകൊണ്ടുപോയത് ഒമ്പത് കിലോമീറ്റര്‍ ദൂരം. കരുളായി ഉള്‍വനത്തിലെ അച്ചനളയിലെ കുപ്പമല കാളച്ചക്കന്റെ ഭാര്യ മാതി (23) യുടെ മൃതദേഹമാണ് നാട്ടുക്കാര്‍ മുളങ്കമ്പ് ഉപയോഗിച്ച് ചാക്കില്‍ കെട്ടി ചുമന്ന് ഊരിലെത്തിച്ചത്. പനിബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ ദിവസം രാത്രി മാതി മരിച്ചത്. കൊടുവനത്തിലൂടെ യാത്രചെയ്താണ് ഇവരുടെ ഊരുകളിലെത്താനാവൂ എന്നിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചെങ്കിലും കാട്ടാനയെ പേടിച്ച് വെള്ളിയാഴ്ച പൂലര്‍ച്ചെയാണ് മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹവുമായി സര്‍ക്കാര്‍ ആംബുലന്‍സില്‍ ടി.കെ കോളനിയില്‍ എത്തിച്ചത്. വനപാത ദുര്‍ഘടമായതിനാല്‍ ആംബുലന്‍സിന് ഊരിലേക്ക് പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന് മൃതദേഹം രണ്ടരമണിക്കൂറോളം ആംബുലന്‍സില്‍ തന്നെ കിടത്തി. നാട്ടുകാരും വനപാലകരും കോളനിയിലെ യുവാക്കളും ചേര്‍ന്ന് മുളയും ചാക്കും കൊണ്ട് മഞ്ചലുണ്ടാക്കി ഉച്ചക്ക് 12 മണിയോടെ ചുമന്നുകൊണ്ട് ഒമ്പത് കിലോമീറ്റര്‍ ദൂരമുള്ള അച്ചനളയിലേക്ക് കൊണ്ട് പോകുകയായിരുന്നു. വൈകുന്നേരമാണ് മൃതദേഹം ഊരിലെത്തിക്കാനായത്. രാത്രിയില്‍ മൃതദേഹം സംസ്‌കരിച്ചു.

Post A Comment: