ദീപാവലിക്ക് വര്‍ഷങ്ങളായി വലിയ തോതിലുള്ള ആഘോഷങ്ങളാണ് ഈ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നടക്കുന്നത്

ഭോപ്പാല്‍ : ആഘോഷ വേളകളില്‍ ക്ഷേത്രങ്ങളും ആരാധനാലയങ്ങളും അലങ്കരിക്കുന്നത് പതിവാണ്. മധ്യപ്രദേശില്‍ റാത്ലം മഹാലക്ഷ്മി ക്ഷേത്രത്തില്‍ നൂറുകോടി രൂപയുടെ നോട്ടുകളാണ് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്ഷേത്രത്തിനകത്തെ എല്ലാ ഭാഗങ്ങളും നോട്ടുകളാല്‍ അലങ്കരിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വൈവിധ്യമാര്‍ന്ന ഈ കാഴ്ച ഒരുക്കിയത്. ദീപാവലിക്ക് വര്‍ഷങ്ങളായി വലിയ തോതിലുള്ള ആഘോഷങ്ങളാണ് ഈ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നടക്കുന്നത്. വര്‍ഷങ്ങളായി ഈ ദിനത്തില്‍ കാണിക്കയായി ഭക്തര്‍ നല്‍കിയ പണവും ആഭരണങ്ങളും ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചതെന്ന് ക്ഷേത്രത്തിന്‍റെ ഭരണ സമിതി പറയുന്നു. ഭക്തര്‍ നല്‍കുന്ന കാണിക്കകള്‍ അതുപോലെതന്നെ ക്ഷേത്രത്തിന്‍റെ നിലവറകളില്‍ സൂക്ഷിക്കുകയാണ് പതിവെന്നും ഭരണസമിതി പറഞ്ഞു. ഈ ക്ഷേത്രത്തില്‍ വിലപിടിപ്പുള്ള കാണിക്കകള്‍ നല്‍കിയാല്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കും എന്ന് വിശ്വാസമുണ്ട്. അതുകൊണ്ട് ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ള ആളുകള്‍ പോലും ക്ഷേത്രത്തില്‍ കാണിക്കകള്‍ സമര്‍പ്പിക്കാന്‍ എത്താറുള്ളതായി ഇവിടുത്തെ പ്രധാന പുരോഹിതന്‍ പറയുന്നു. കോടിക്കണക്കിന് രൂപ ഉപയോഗിച്ച്‌ ക്ഷേത്രം അലങ്കരിച്ചതിനാല്‍ വന്‍തോതിലുള്ള സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളതായി പൊലീസ് അസിസ്റ്റന്റ് സൂപ്രണ്ട് പ്രദീപ് സിങ് പറഞ്ഞു.

Post A Comment: