നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചാല്‍ അത് റദ്ദാക്കുന്നതിനായി ദിലീപ് ഹൈക്കോടതിയെ സമീപിക്കും. സി.ആര്‍.പി.സി 482 വകുപ്പ് പ്രകാരം കോടതിയെ സമീപിക്കാനാണ് തീരുമാനം. ദിലീപിനെ നേരിട്ട് കേസുമായി ബന്ധപ്പെടുത്താവുന്ന തെളിവുകള്‍ ഒന്നും തന്നെ അന്വേഷണ സംഘത്തിന്റെ പക്കല്‍ ഇല്ലന്നും അത് കൊണ്ടു തന്നെ മേല്‍ക്കോടതികളെ സമീപിച്ചാല്‍ കേസ് റദ്ദാക്കുമെന്നുമാണ് ദിലീപിന് ലഭിച്ചിരിക്കുന്ന നിയമോപദേശം.  ഈ അപകടം മുന്നില്‍ കണ്ടാണ് കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ കൊടുക്കുമെന്ന് പറഞ്ഞ അന്വേഷണ സംഘം കുറ്റപത്രം നല്‍കാതെ കേസ് വലിച്ചു നീട്ടുന്നതെന്നാണ് ദിലീപ് വിഭാഗം കരുതുന്നത്. തന്നെ അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലിലിട്ടത് വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമായാണെന്നും കേസ് റദ്ദാക്കപ്പെട്ടാല്‍ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടി സ്വീകരിക്കുമെന്നുമുള്ള നിലപാടിലാണ് ദിലീപ്. 'ബന്ധപ്പെട്ട'വര്‍ക്കെതിരെ മാനനഷ്ടകേസ് മാത്രമല്ല ക്രിമിനല്‍ കേസും നല്‍കും. ഇതില്‍ കാക്കിപട മുതല്‍ മാധ്യമ പ്രവര്‍ത്തകര്‍വരെയുണ്ടാവുമെന്നാണ് സൂചന. ദിലീപിനെ ടാര്‍ഗറ്റ് ചെയ്ത് കടന്നാക്രമിച്ച മാധ്യമങ്ങളുടെ മുഴവന്‍ വാര്‍ത്തകളും ഇതിനകം ശേഖരിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയും ആരോടും വേണ്ട എന്ന നിലപാടാണ് ദിലീപിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന് നല്‍കുന്നത്. അതേ സമയം ഗുരുതരമായ കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും തന്റെ താരമൂല്യത്തിന് തിരിച്ചടി നേരിടാത്തതും വലിയ രൂപത്തില്‍ 'രാമലീല'യിലൂടെ താരമൂല്യം കുതിച്ചുയര്‍ന്നതും ദിലീപിന് വലിയ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്. 

Post A Comment: