കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി




കൊച്ചി: കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കാന്‍ ഗൂഢാലോചന നടത്തി ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം തയാറായി. എട്ടു വകുപ്പുകള്‍ ചുമത്തി ഗുരുതര ആരോപണങ്ങളോടെയാണ് താരത്തിനെതിരായ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, തെളിവു നശിപ്പിക്കല്‍, പ്രതിയെ സംരക്ഷിക്കല്‍, തൊണ്ടി മുതല്‍ സൂക്ഷിക്കല്‍, ഭീഷണി, അന്യായമായി തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് നടനുമേല്‍ ചുമത്തുന്നത്. കുറ്റപത്രത്തിനൊപ്പം നല്‍കാന്‍ നേരിട്ടുള്ള തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അനുബന്ധ റിപ്പോര്‍ട്ടും പോലീസ് തയാറാക്കിക്കഴിഞ്ഞു. യുവനടി ഉപദ്രവിക്കപ്പെട്ട് എട്ടു മാസം തികയുന്ന ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കാന്‍ കരുതിയതാണെങ്കിലും മജിസ്ട്രേട്ട് അവധിയായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. നിയമവിദഗ്ധരും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ തന്നെ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. സമീപകാലത്തു കേരള പോലീസ് തയാറാക്കിയ ഏറ്റവും സമഗ്രവും സൂക്ഷ്മവുമായ കുറ്റപത്രമാണിതെന്ന് അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇരുപതിലേറെ നിര്‍ണായക തെളിവുകളാണ് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, കോടതി മുന്‍പാകെ നല്‍കിയ രഹസ്യ മൊഴികള്‍, ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍, സൈബര്‍ തെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍, സാഹചര്യത്തെളിവുകള്‍ എന്നിവ പട്ടികയാക്കി പ്രത്യേക ഫയലുകളാക്കിയാണ് അനുബന്ധ കുറ്റപത്രമായി സമര്‍പ്പിക്കുന്നത്. ഇതുവരെ പോലീസ് വെളിപ്പെടുത്താത്ത വിവരങ്ങളും കുറ്റപത്രത്തിലുണ്ടെന്നാണു സൂചന. പ്രതികളുടെ ജാമ്യഹര്‍ജി പരിഗണിക്കുന്ന വേളകളില്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ നേരിട്ടു സമര്‍പ്പിച്ചിരുന്ന വിവരങ്ങളാണിത്. കേസിന്‍റെ പ്രാധാന്യവും പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനുമുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശുപാര്‍ശയും സര്‍ക്കാരിനു മുന്‍പാകെ ഡിജിപി സമര്‍പ്പിക്കും. നിര്‍ണായക തൊണ്ടി മുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള അന്വേഷണം തുടരും. ഈ മൊബൈല്‍ ഫോണിലാണു നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തി സൂക്ഷിച്ചതെന്നാണു പോലീസ് നിഗമനം.

Post A Comment: