ആരോപണ വിധേയരായ ക്രസന്റ് നേവിസ് , സിന്ധു പോള്‍ എന്നി അദ്ധ്യാപികമാര്‍ സസ്പെന്‍ഷനിലും ഒളിവിലുമാണ്.
കൊല്ലം: അദ്ധ്യാപികമാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഗൗരിയുടെ മരണത്തിന് കാരണമായി അടച്ചുപൂട്ടിയ ട്രിനിറ്റി ലൈസിയം സ്കൂള്‍ തുറക്കുന്നതിനെ സംബന്ധിച്ച്‌ ആലോചിക്കാന്‍ കൂടിയ അദ്ധ്യാപക രക്ഷകര്‍തൃ യോഗം ബഹളത്തില്‍ കലാശിച്ചു. സ്കൂള്‍ തുറക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ആരോപണ വിധേയരായ അദ്ധ്യാപികമാരെ അറസ്റ്റ് ചെയ്തതിന് ശേഷം മാത്രം സ്കൂള്‍ തുറന്നാല്‍ മതിയെന്ന നിലാപാടിലായിരുന്നു മറ്റുള്ളവര്‍. ഇതാണ് ബഹളത്തില്‍ കലാശിച്ചത്. ജില്ലാ ഭരണകൂടമാണ് സ്കൂളില്‍ അടിയന്തര പിടിഎ യോഗം വിളിച്ചത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി ചര്‍ച്ചചെയ്യുന്നതിനാണ് മാനേജ്മെന്റ് യോഗം വിളിച്ചത്. ഗൗരിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ 12 ദിവസമായി സ്കൂള്‍ അടഞ്ഞു കിടക്കുകയാണ്. അതേസമയം, ഗൗരിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റു ചെയ്യാതെ സ്കൂള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടനകളുടെ നിലപാട്. ഒക്ടോബര്‍ ഇരുപത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ട്രിനിറ്റി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ ഗൗരി മരിച്ചു. ഇതിന് പിന്നാലെ എസ്‌എഫ്‌ഐ, കെഎസ്യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിച്ചിരുന്നു. ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. അദ്ധ്യാപികമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കുന്നതിന് ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. ഇതില്‍ വിധി വന്നശേഷം മതി അറസ്റ്റ് നടപടികളെന്നാണ് പൊലീസിന്‍റെ നിലപാട്. ആരോപണ വിധേയരായ ക്രസന്റ് നേവിസ് , സിന്ധു പോള്‍ എന്നി അദ്ധ്യാപികമാര്‍ സസ്പെന്‍ഷനിലും ഒളിവിലുമാണ്. ഇരുവരുടേയും മൊബൈല്‍ ഫോണും പ്രവര്‍ത്തന രഹിതമാണ്.

Post A Comment: