ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ പുതിയ ഹര്‍ജി കോടതി പരിഗണിക്കുംദില്ലി: ഹാദിയ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എന്‍.ഐ.എ അന്വേഷണം പ്രഖ്യാപിച്ച മുന്‍ ഉത്തരവ് തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ നല്‍കിയ പുതിയ ഹര്‍ജി കോടതി പരിഗണിക്കും. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പുറം ലോകവുമായി ഒരു ബന്ധവും സ്ഥാപിക്കാന്‍ അനുവദിക്കാതെ ഹാദിയയെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണെന്നും കോടതിയുത്തരവിന്‍റെ പേരില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ഹാദിയ നേരിടുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. വിഷയത്തില്‍ അടിന്തരമായി ഇടപെടണമെന്നും ഹാദിയയെ വിളിച്ച് വരുത്തി അവരുടെ വാദം കോടതി നേരിട്ട് കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. അതേസമയം കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ആരംഭിച്ച അന്വഷണത്തിന്‍റെ സ്ഥിതി വിവര റിപ്പോര്‍ട്ട് എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിക്കും. മുന്‍ ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാര്‍ വിരമിച്ച സാഹചര്യത്തില്‍ നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ, എന്‍.ഐ.എ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ നിയോഗിച്ച റിട്ടയര്‍ഡ് സുപ്രിം കോടതി ജഡ്ജ് ആര്‍ വി രവീന്ദ്രന്‍ പിന്മാറിയിരുന്നു. എന്നാല്‍ പുതിയ ആളെ മേല്‍നോട്ടത്തിന് നിയോഗിക്കാന്‍ കാത്ത് നില്‍ക്കാതെ എന്‍.ഐ.എ അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു. ഇത് കോടതിയുത്തരവിന്‍റെ ലംഘനമാണെന്ന വാദവും ഷെഫിന്‍ ജെഹാന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിക്കും. പുതിയ ആളെ മേല്‍ നോട്ടത്തിന് നിയോഗിക്കുന്ന കാര്യത്തില്‍ കോടതി ഇന്ന് തീരുമാനമെടുത്തേക്കും.

Post A Comment: