ഹാദിയ കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രിം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു


ദില്ലി: ഹാദിയ കേസില്‍ കക്ഷി ചേരാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രിം കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു. ചട്ടങ്ങള്‍ പ്രകാരമുള്ള കടമ നിറവേറ്റാന്‍ അനുവദിക്കണമെന്നും ഡോക്ടര്‍ക്കൊപ്പം ഹാദിയയെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ സുപ്രിം കോടതിയോട് അഭ്യര്‍ത്ഥിച്ചു. കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ ആവശ്യം സുപ്രിം കോടതി ഇന്നലെ അംഗീകരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ കക്ഷി ചേരാനുള്ള അപേക്ഷ നല്‍കിയത്. ഹാദിയയുടെ വിവാഹം അസാധുവാക്കിയ ഹൈക്കോടതി മാതാപിതാക്കള്‍ക്ക് ഒപ്പം വിട്ടുവെങ്കിലും ഹാദിയയെ കാണുന്നതിന് ആര്‍ക്കും വിലേക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ ഹാദിയയെ കാണാന്‍ അനുവദിക്കുന്നില്ലെന്ന നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ട്. പരാതികളില്‍ ചിലത് രജിസ്റ്റേഡ് സംഘടനകളില്‍ നിന്നാണ്. സംസ്ഥാന വനിതാ കമ്മീഷന്‍ നിയമത്തിലെ 17 ആം വകുപ്പ് പ്രകാരം സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് അതിക്രമം സംബന്ധിച്ച് ലഭിക്കുന്ന പരാതിയിലും അന്വേഷണം നടത്താം. അന്വേഷണത്തിന് രേഖാമൂലമുള്ള പരാതി പോലും ആവശ്യമില്ല. ഈ സാഹചര്യത്തില്‍ ചട്ടങ്ങള്‍ പ്രകാരമുള്ള കടമ നിറവേറ്റാന്‍ അനുവദിക്കണമെന്ന് കമ്മീഷന്‍ സുപ്രിം കോടതിയോട് അഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍ക്കൊപ്പം ഹാദിയയെ വീട്ടില്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പട്ടിട്ടുണ്ട്. ഡോക്ടര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍റെ അപേക്ഷ അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.

Post A Comment: