മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍


വൈക്കം: മകള്‍ ഏത് മതത്തില്‍ ജീവിച്ചാലും തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. കോടതി ഉത്തരവിട്ട പ്രകാരം മകളെ 27-ന് മുന്‍പായി സുപ്രീംകോടതിയില്‍ ഹാജരാക്കുമെന്നും അശോകന്‍ വൈക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. മകള്‍ വീട്ടുതടങ്കലില്ലാണെന്ന ആരോപണം നിഷേധിച്ച അശോകന്‍ ഹാദിയക്ക് പുറത്തു പോകാന്‍ ഒരു തടസ്സവുമില്ലെന്നും സ്വന്തം തീരുമാനപ്രകാരമാണ് അവള്‍ പുറത്തിറങ്ങാത്തതെന്നും വ്യക്തമാക്കി. ''എന്‍റെ വീടിനു ചുറ്റും പോലീസാണ് വീടിനുള്ളില്‍ രണ്ട് വനിതാ പോലീസുകാരുണ്ട് മകള്‍ക്ക് എവിടെ വേണമെങ്കിലും പോകാം. അവളോട് ഞാന്‍ തന്നെ അത് പറഞ്ഞിട്ടുണ്ട്. വൈക്കത്തോ എവിടെ വേണമെങ്കിലും പൊയ്ക്കോള്ളൂ പോലീസുകാര്‍ കൂടെ വരുമല്ലോ എന്ന് പക്ഷേ അവള്‍ക്ക് പോകാന്‍ താത്പര്യമില്ല.  നിര്‍ബന്ധിച്ച്‌ അയക്കാന്‍ അവള്‍ കൊച്ചുകുട്ടിയുമല്ല. ആരോപണങ്ങള്‍ക്ക് മറുപടിയായി അശോകന്‍ പറഞ്ഞു. ഈ കേസിന്‍റെ തുടക്കം തൊട്ടേ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് തനിക്കും കുടുംബത്തിനും നേരെ നടക്കുന്നതെന്ന പരാതിപ്പെട്ട അശോകന്‍ ഇതെല്ലാം വളരെ ആസൂത്രീതമായി ചെയ്യുന്നതാണെന്നും പറഞ്ഞു. മകള്‍ ഏത് രീതിയില്‍ ജീവിച്ചാലും എനിക്ക് എതിര്‍പ്പില്ല. പക്ഷേ ഷെഫിന്‍ ജഹാനെ അംഗീകരിക്കാനാവില്ല അയാളും ആ ഗ്രൂപ്പും തീവ്രവാദബന്ധമുള്ളവരാണ്. ഈ കാര്യങ്ങളൊക്കെ കോടതിയുടെ മുന്നിലും വന്നിട്ടുണ്ട്. കോടതി ശരിയായ തീരുമാനമെടുക്കും എന്നാണ് തന്‍റെ പ്രതീക്ഷ. അശോകന്‍ പറഞ്ഞു.

Post A Comment: