12 കിലോ കഞ്ചാവുമായി യുവ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു.തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ വന്‍ കഞ്ചാവ് വേട്ട. 12 കിലോ കഞ്ചാവുമായി യുവ എന്‍ജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചാപ്പന്‍ തോട്ടത്തില്‍ കാക്കനാട്ടുപറമ്പില്‍ ഷോബിനെയാണ് (25) തൃപ്പൂണിത്തുറ സി.ഐ. പി.എസ്. ഷിജുവും സംഘവും അറസ്റ്റ് ചെയ്തത്. 12 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്ലാസ്റ്റിക് എന്‍ജിനീയറിങ് ബി.ടെക് ബിരുദധാരിയായ ഷോബിന്‍ ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ എന്‍ജിനീയറാണ്. ഒഡിഷയില്‍ പോയി കഞ്ചാവ് മൊത്തമായി വാങ്ങിയ ശേഷം തീവണ്ടിയില്‍ ബെംഗളൂരുവിലെത്തിച്ച്‌ ഓര്‍ഡര്‍ അനുസരിച്ച്‌ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയാണ് ഇയാള്‍ ചെയ്തു വന്നിരുന്നതെന്ന് സി.ഐ. പറഞ്ഞു. എറണാകുളത്ത് പലയിടങ്ങളിലും ചെറുകിട കച്ചവടക്കാര്‍ക്ക് ഇയാള്‍ കഞ്ചാവ് എത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ പഴയ ടോള്‍ ബൂത്ത് ഭാഗത്തുനിന്ന് ഷോബിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ മാസം അഞ്ചു കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഷോബിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. 2016 ജനുവരിയില്‍ ആറ് കിലോ കഞ്ചാവുമായി ഷോബിനെ തൊട്ടില്‍പാലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ മൂന്നു മാസം ജയിലിലായിരുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയ ശേഷം കഞ്ചാവ് കച്ചവടം തുടരുന്നതിനിടയിലാണ് വീണ്ടും പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Post A Comment: