കൊച്ചി നഗരമധ്യത്തിലേക്കെത്താന്‍ മെട്രോയ്ക്ക് ഇനി രണ്ട് ദിവസം മാത്രം.

കൊച്ചി: കൊച്ചി നഗരമധ്യത്തിലേക്കെത്താന്‍ മെട്രോയ്ക്ക് ഇനി രണ്ട് ദിവസം മാത്രം. പുതിയ പാതയുടെ ഉദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കെ.എം.ആര്‍.എല്‍. ഈ വരുന്ന ചൊവ്വാഴ്ച കൊച്ചി മെട്രോ നഗരഹൃദയത്തിലൂടെ ഓടിത്തുടങ്ങും. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്ന സര്‍വീസ് മഹാരാജാസ് വരെ നീളുകയാണ്. ചൊവ്വാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രനഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരിയും ചേര്‍ന്ന് ഫ്ളാഗ് ഓഫ് ചെയ്യും. അണ്ടര്‍-17 ലോകകപ്പിന് മുന്‍പ് കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലൂടെ മെട്രോ ഓടുമെന്ന കെ.എം.ആര്‍.എലിന്റെ വാഗ്ദാനം നടപ്പാകുന്നു. കായികമേഖലയുമായി ബന്ധപ്പെടുത്തിയാണ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലെ ചിത്രപ്പണികളെല്ലാം. മറ്റ് നാല് സ്റ്റേഷനുകളിലും ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പുതിയ സര്‍വീസിന്റെ ആദ്യ ദിവസം യാത്രക്കെത്തുന്നവര്‍ക്ക് അവരവരുടെ തന്നെ കാരിക്കേച്ചര്‍ സമ്മാനിക്കാനും കെ.എം.ആര്‍.എല്‍ പദ്ധതിയിടുന്നുണ്ട്. ഉദ്ഘാടനത്തലേന്ന് രാവിലെ 6.30 ന് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് മെട്രോ ഗ്രീന്‍ റണ്ണും ഉണ്ടാകും. പരിസ്ഥിതി സംരക്ഷണം എന്ന ആശയമാണ് ഗ്രീന്‍ റണ്‍ മുന്നോട്ടുവയ്ക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയായിരുന്ന സര്‍വീസാണ് മഹാരാജാസ് കോളേജ് ഗ്രൗണ്ട് വരെ നീളുന്നത്. നഗരഹൃദയത്തിലേക്ക് മെട്രോ കുതിച്ചെത്തുന്നതോടെ, മെട്രോയിലേക്ക് കൂടുതല്‍ യാത്രക്കാരെത്തുമെന്നും കെ.എം.ആര്‍.എല്‍ കണക്കുകൂട്ടുന്നു.

Post A Comment: