ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം.
തൃശ്ശൂര്‍: ചാലക്കുടി പരിയാരത്ത് ഭൂമി ഇടപാടുകാരന്‍ രാജീവ് കൊല്ലപ്പെട്ട കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടതായി സംശയം. ആസ്ട്രേലിയ, യു എ ഇ, തായ്ലന്റ് രാജ്യങ്ങളിലെ വിസ ജോണിക്ക് ഉണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ഇയാള്‍ രാജ്യം വിട്ടെന്ന സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. ജോണിയെ കണ്ടെത്താന്‍ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് പറഞ്ഞു. ജോണിയടക്കം മൂന്നു പേരാണ് ഗൂഢാലോചനയില്‍ പ്രതികളായുള്ളത്. രാജീവ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സംഭവം ക്വട്ടേഷനാണെന്നും കൊലയാളികളെ ദൗത്യം ഏല്‍പ്പിച്ചത് അങ്കമാലി സ്വദേശിയും റിയല്‍ എസ്റ്റേറ്റ് ബ്രോക്കറുമായ ചക്കര ജോണിയാണെന്നും പൊലീസിന് സ്ഥിരീകരിക്കാനായിരുന്നു. രണ്ട് ദിവസമായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ജോണിയെ കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. ജോണി സമാന കുറ്റകൃത്യങ്ങളില്‍ പെട്ടപ്പോള്‍ രാജ്യം വിട്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജോണിക്കായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

Post A Comment: