ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനുവിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന.
കൊച്ചി: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഡ്വക്കേറ്റ് സിപി ഉദയഭാനുവിന്‍റെ വീട്ടില്‍ പൊലീസ് പരിശോധന. തൃശൂരില്‍ നിന്നുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയിരുന്നു. കേസിന്‍റെ ഗൂഢാലോചനയില്‍ പങ്കുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ പ്രതിചേര്‍ത്തത്. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയിലെ ഓഫീസിലും തൃപ്പൂണിത്തുറയിലെ വീട്ടിലും പൊലീസ് പരിശോധന ആരംഭിച്ചത്. രണ്ട് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്. ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുന്നതിനാണ് പ്രധാനമായും പരിശോധന. മാവിന്‍തോട്ടം വാങ്ങിയതില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നും അന്വേഷണ സംഘം സംശയിക്കുന്നു. അതുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തുക, രാജീവും ഉദയഭാനുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ കണ്ടെടുക്കുക എന്നീ ഉദ്ദേശത്തോടെയാണ് പൊലീസ് റെയ്ഡ് നടത്തുന്നത്.

Post A Comment: