നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടനും സംവിധായകനുമായ നാദിര്‍ഷാ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി. നിലവില്‍ നാദിര്‍ഷായ്ക്കെതിരെ തെളിവുകളില്ലെന്നു പൊലീസ് അറിയിച്ചതോടെയാണിത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ നാദിര്‍ഷ അറസ്റ്റ് ഭയക്കേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ ചോദ്യം ചെയ്യലിനു വിളിപ്പിക്കുമ്പോള്‍ നാദിര്‍ഷാ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണം. നാദിര്‍ഷയെ നിയമാനുസരണം ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. നാദിര്‍ഷ ചോദ്യം ചെയ്യലുമായി പൂര്‍ണമായി സഹകരിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതുവരെ ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. വാദം കേള്‍ക്കുന്നതിനിടെ അറസ്റ്റ് വിലക്കി ഹൈക്കോടതി കഴിഞ്ഞയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ ആവശ്യമായ തെളിവ് ലഭിച്ചാല്‍ അക്കാര്യം കോടതിയെ അറിയിച്ച ശേഷം മാത്രമേ തുടര്‍നടപടി സ്വീകരിക്കാവൂ എന്നും കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. സമാനരീതിയില്‍ നേരത്തേ ദിലീപിന്‍റെ ഭാര്യ കാവ്യാ മാധവന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും കോടതി തീര്‍പ്പാക്കിയിരുന്നു. അറസ്റ്റിനു സാധ്യതയില്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കു പ്രസക്തിയില്ലെന്നു നിരീക്ഷിച്ചതിനെത്തുടര്‍ന്നാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.

Post A Comment: