ലക്ഷ്യങ്ങളും പരിപാലനവും ഒന്നും ചര്‍ച്ച ചെയ്യരുത്, നഗരസഭ താലുക്ക് ആശുപത്രിക്ക് ഇനിയും പേ വാര്‍ഡുകള്‍ വേണം. അശ്രദ്ധയും കെടുകാര്യസ്ഥതയും മൂലം ഉപയോഗ യോഗ്യമല്ലാതായ പഴയ പേ വാര്‍ഡിനെ സാക്ഷി നിര്‍ത്തി ആശുപത്രിയില്‍ മൂന്നാമത്തെ പേ വാര്‍ഡ്‌ നിര്‍മാണമാരംഭിക്കുന്നു

കുന്നംകുളം: ലക്ഷ്യങ്ങളും പരിപാലനവും ഒന്നും ചര്‍ച്ച ചെയ്യരുത്, നഗരസഭ താലുക്ക് ആശുപത്രിക്ക് ഇനിയും പേ വാര്‍ഡുകള്‍ വേണം. അശ്രദ്ധയും കെടുകാര്യസ്ഥതയും മൂലം ഉപയോഗ യോഗ്യമല്ലാതായ  പഴയ പേ വാര്‍ഡിനെ സാക്ഷി നിര്‍ത്തി ആശുപത്രിയില്‍ മൂന്നാമത്തെ പേ വാര്‍ഡ്‌ നിര്‍മാണമാരംഭിക്കുന്നു. ഉപയോഗ യോഗ്യമായ താമസ സൗകര്യം വേണമെന്ന രോഗികളുടെയും കൂട്ടിരിപ്പ് കാരുടെയും നിരന്തരമായ ആവശ്യമാണ് ഇതോടെ നിറവേറ്റപെടുന്നത്. കുന്നംകുളത്തെ മുന്‍ എം എല്‍ എ ബാബു എം പാലിശ്ശേരി യുടെയും ഇപ്പോഴത്തെ എം എല്‍ എ യും മന്ത്രിയുമായ എ സി മൊയ്തീന്‍റെയും ആസ്തി വികസന ഫണ്ടുകളില്‍ നിന്നും  50 ലക്ഷം രൂപ വീതം ചിലവഴിച്ചാണ് മൂന്നു നിലകളിലായി 24 മുറികള്‍ ഉള്ള പേ വാര്‍ഡ്‌ നിര്‍മ്മിക്കുന്നത്. നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായി താലുക്ക് ആശുപത്രിയുടെ വടക്ക് ഭാഗത്ത്‌ ആവശ്യമായ സ്ഥലം മരങ്ങള്‍ വെട്ടി വൃത്തിയാക്കുന്ന ജോലികള്‍ നടന്നിരുന്നു. ഈ സ്ഥലത്തിന് തൊട്ടടുത്തായാണ്  37 വര്ഷം മുന്‍പ് നിര്‍മിച്ച പേ വാര്‍ഡും സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ആശുപത്രിയിലെത്തുന്നവര്ക്കു ആശ്വാസമായിരുന്ന ഈ പേ വാര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചിട്ട് 15 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. കുറച്ചു ലക്ഷങ്ങള്‍ മാത്രം ചിലവഴിച്ചാല്‍ ഉപയോഗ യോഗ്യമാക്കാനാകുന്ന കെട്ടിടം നില്‍ക്കുമ്പോഴും അതിനെ അവഗണിച്ച് നിരവധി മരങ്ങള്‍ മുറിച്ചു മാറ്റി പുതിയ കെട്ടിടം പണിയുന്നതില്‍ നഗരത്തിലെ പരിസ്ഥിതി പ്രവര്തകര്‍ക്കുള്ളില്‍ അമര്‍ഷമുണ്ട്. വികസന പ്രവര്‍ത്തനങ്ങളോട് പൂര്‍ണമായും യോജിക്കുമ്പോള്‍ തന്നെ നിലവിലുള്ളവയുടെ സംരക്ഷണത്തിനും പരിപാലനത്തിനും അധികൃതര്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപെടുന്നു. കോടികള്‍ ചിലവഴിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുതുമ നഷ്ടപെടുമ്പോള്‍ അവഗണിക്കുകയും ചെയ്യുന്നതില്‍  നിന്ന് ആശുപത്രി അധികൃതരും നഗരസഭാ ഭരണസമിതിയും മാറിയാലേ ആശുപത്രിയുടെ വികസനം പൂര്‍ണമാകുകയുള്ളൂ.

Post A Comment: