നഗരസഭയുടെ കെട്ടിട മുറികള്‍ കൈമാറ്റം ചെയ്യുന്നതില്‍ വ്യാപക അഴിമതിയെന്ന ആരോപണത്തെതുടര്‍ന്ന് കൌണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. കടമുറികള്‍ കൈമാറ്റം ചെയ്യാന്‍ പൊതു മാനദണ്ഡം രൂപികരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

കുന്നംകുളം: നഗരസഭയുടെ കെട്ടിട മുറികള്‍ കൈമാറ്റം ചെയ്യുന്നതില്‍ വ്യാപക അഴിമതിയെന്ന ആരോപണത്തെതുടര്‍ന്ന് കൌണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. കടമുറികള്‍ കൈമാറ്റം ചെയ്യാന്‍ പൊതു മാനദണ്ഡം രൂപികരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. നഗരത്തിലെ പ്രധാന വ്യാപാരികളില്‍ ഒരാളുടെ കടമുറി കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് മാത്രം ധാരണ പത്രത്തില്‍ ഒപ്പുവെച്ച സഹവ്യാപരിയുടെ പേരിലേക്ക് മാറ്റി നല്‍കാനുള്ള അജണ്ടയിലാണ് തര്‍ക്കം നടന്നത്. പൊതു മാനദണ്ഡമില്ലാതെ ഇത്തരത്തില്‍ ചിലര്‍ക്ക് മാത്രം കടമുറികള്‍ കൈമാറ്റം ചെയ്തു നല്‍കുന്നതില്‍ വ്യാപക അഴിമതിയുണ്ടെന്ന് ആര്‍ എം പി യിലെ സോമന്‍ ചെറുകുന്ന് ആരോപിച്ചു. മുന്‍പ് പല തവണയും സമാന സാഹചര്യത്തില്‍ കടമുറികള്‍ കൈമാറ്റം ചെയ്യാന്‍ അനുവദിക്കാതിരുന്ന ഭരണസമിതി ഈ വിഷയത്തില്‍ മാത്രം താല്പര്യം കാണിക്കുന്നത് അഴിമതി ആണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി യും വിഷയം ഏറ്റെടുത്തതോടെ യോഗം ബഹളമയമായി. തുടര്‍ന്ന് കടമുറി കൈമാറ്റം അനുവദിക്കാനും അടുത്ത യോഗത്തിനു മുനപ് പൊതു മാനദണ്ഡം രൂപികരിക്കാനും യോഗം തീരുമാനിച്ചു. നേരത്തെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാത്തതില്‍  പ്രതിഷേധിച്ച് ബി ജെ പി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപോക്ക് നടത്തി. യോഗത്തില്‍ തെരുവ് വിളക്കുകള്‍ കത്തിക്കാത്തതില്‍ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് കെ എസ് ഇ ബി അഡ്വൈസറി യോഗം ചേരാനും തീരുമാനിച്ചു. നഗരസഭയുടെ നേതൃത്വത്തില്‍ വയലാര്‍ അവാര്‍ഡ്‌ ജേതാവ് ടി ഡി രാമകൃഷ്ണനെ ആദരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, ഷാജി ആലിക്കല്‍ കെ കെ മുരളി, ഗീത ശശി, ബിജു സി ബേബി, തുടങ്ങിയവര്‍ സംസാരിച്ചു.

Post A Comment: