കടകളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: കടകളുടെ ഷട്ടറിന്റെ പൂട്ടുകള്‍ തകര്‍ത്ത് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തു.ഈരാറ്റുപേട്ട സ്വദേശി ഹിരിനാട്ടുചാലില്‍ വീട്ടില്‍ ചെങ്കീരി ഷാജി എന്ന് വിളിക്കുന്ന ഷാജിയാണ് അറസ്റ്റിലായത്. നഗരമധ്യത്തില്‍ ഒരു മാസത്തിനിടയില്‍ നിരവധി മോഷണങ്ങളാണ് ഇയാള്‍ നടത്തിയത്. രണ്ട് ദിവസം മുമ്പ് മുന്‍സിപ്പല്‍ സ്റ്റാന്റിലെ കടയില്‍ നിന്ന് ഒരു ലക്ഷം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. മോഷണം നടന്ന് പത്ത് മണിക്കൂറിനകം പ്രതി പിടിയിലായി. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ നഗരത്തിലെ വിവിധ മോഷണക്കേസുകള്‍ തെളിഞ്ഞു. നടവരമ്പ് മെറ്റല്‍സ് സ്ഥാപനത്തില്‍ നിന്നു പണം മോഷ്ടിച്ചതും, നടുവിലാലില്‍ മൊബൈല്‍ കടയില്‍ മോഷണ ശ്രമം നടത്തിയതും ഷാജിയാണെന്ന് വ്യക്തമായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി അമ്പതോളം മോഷണം കേസുകളിലെ പ്രതിയാണ് ഷാജിയെന്ന് പോലീസ് പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ അറസ്റ്റ് ചെയ്യാന്‍ എത്തുന്ന പോലീസുകാരെ ആക്രമിക്കുന്നത് ഇയാളുടെ പതിവാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ സ്വയം മല-മൂത്ര വിസര്‍ജനം നടത്തി പോലീസുകാരുടെ ദേഹത്തേക്ക് തെറിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും പ്രതിയുടെ രീതിയാണെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

Post A Comment: