മന്ത്രിയുടെ ഇടപെടല്‍ തുണയായി, നഗരസഭാ കൌണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കാതെ പോലീസിന്റെ ഒരു കൈസഹായം.

കുന്നംകുളം: മന്ത്രിയുടെ ഇടപെടല്‍ തുണയായി, നഗരസഭാ കൌണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കാതെ പോലീസിന്റെ ഒരു കൈസഹായം. കഴിഞ്ഞ ദിവസം വിദ്യാര്‍ഥിനികളെ ബസില്‍ കയറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ കൌണ്‍സിലര്‍മാരും ബസ്‌ ജീവനക്കാരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ കൌണ്‍സിലര്‍മാരെ ഒഴിവാക്കി പ്രശ്നത്തില്‍ ഇടപെട്ട മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കേസെടുത്ത പോലീസ് നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ബസ്‌ ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് ജീവനക്കെരെ മര്‍ദിച്ച മുഴുവന്‍ പേര്‍ക്കെതിരെയും കേസ് എടുക്കാന്‍ പോലീസ് ആദ്യം തീരുമാനിച്ചിരുന്നുവത്രെ. എന്നാല്‍ ജില്ലയിലെ പ്രമുഖനായ ഒരു മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് എല്‍ ഡി എഫ് ഭരിക്കുന്ന നഗരസഭയിലെ കൌണ്‍സിലര്‍മാരെ പോലീസ്  കേസില്‍ നിന്നൊഴിവാക്കുകയായിരുന്നു എന്നാണ് സൂചന. മിന്നല്‍ പണിമുടക്ക്‌ അവസാനിപ്പിക്കാനുള്ള ഒത്തുതീര്‍പ്പിന്റെ  ഭാഗമായി പോലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മാത്രം കേസ് എടുക്കുകയായിരുന്നു. കൌണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുക്കാതെ സമരം  പിന്‍ വലിക്കില്ലെന്ന് സമരക്കാര്‍ നിലപാടെടുത്തെങ്കിലും ഒടുവില്‍ സമ്മര്‍ദത്തിനു വഴങ്ങി ഒത്തുതീര്‍പ്പിന് തയ്യാറാകുകയായിരുന്നു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കുന്നംകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ തിങ്കളാഴ്ച നഗരത്തില്‍ പ്രതിഷേധ യോഗം ചേരും.

Post A Comment: