കുതിരാനിലെ ആദ്യ തുരങ്കത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ഇരട്ടക്കുഴല്‍ തുരങ്കപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി.


തൃശൂര്‍: കുതിരാനിലെ ആദ്യ തുരങ്കത്തിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. മുടങ്ങിക്കിടന്ന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതോടെ ഇരട്ടക്കുഴല്‍ തുരങ്കപാത നിര്‍മ്മാണം അവസാനഘട്ടത്തിലെത്തി. വാടകയ്‌ക്കെടുത്ത വാഹനങ്ങളുടെ കുടിശികയെ ചൊല്ലിയുള്ള തര്‍ക്കം മൂലം തുരങ്കനിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 36 കോടി രൂപയുടെ കുടിശിക രണ്ടുഘട്ടമായി കൊടുത്തു തീര്‍ക്കാമെന്ന ധാരണയില്‍ ടിപ്പര്‍ലോറികളും ക്രെയിനുകളുമടക്കമുള്ള വാഹനങ്ങള്‍ പണിക്ക് ഇറക്കാന്‍ തയ്യാറായതോടെയാണ് തടസപ്പെട്ട നിര്‍മ്മാണം പുനരാരംഭിച്ചത്. തുരങ്കത്തിന്റെ ഉള്‍വശം സ്റ്റീല്‍ റാഡുകള്‍ വെച്ച് ബലപ്പെടുത്തുകയും അടിവശം ടാറിംഗ് നടത്തുകയും ചെയ്യുന്ന പ്രവൃത്തികളാണ് പൂര്‍ത്തിയാകാനുള്ളത്. ഇരട്ടക്കുഴല്‍ തുരങ്കത്തില്‍ ഒരു തുരങ്കത്തിന്റെ പണികള്‍ ഏറെക്കുറെ പൂര്‍ത്തിയായിക്കഴിഞ്ഞു. രണ്ട് തുരങ്കത്തിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗതാഗതമാരംഭിച്ചാല്‍ മാത്രമേ ദേശീയപാതയിലെ കുരുക്കിന് പരിഹാരമാകുകയൂള്ളൂ. നിലവില്‍ വഴക്കുംപാറ വരെ ആറുവരിപാതയിലൂടെയെത്തുന്ന വാഹനങ്ങള്‍ കൊമ്പഴ വരെയുള്ള ഭാഗത്ത് രണ്ടുവരിയിലേക്ക് ചുരുങ്ങുന്നതാണ് ഗതാഗത പ്രതിസന്ധിയായി മാറുന്നത്. പൂര്‍ണമായും തകര്‍ന്ന ഈ മേഖലയില്‍ ഏറെ പ്രതിഷേധത്തിനൊടുവില്‍ റീടാര്‍ ചെയ്തതോടെയാണ് കുതിരാന്‍ മേഖലയിലെ യാത്രാദുരിതത്തിന് താല്‍കാലിക ആശ്വാസമായത്.


Post A Comment: