ബ്ലൂവെയ്ല്‍ ഗെയിം ദേശീയ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം

 

ദില്ലി: ബ്ലൂവെയ്ല്‍ ഗെയിം ദേശീയ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. നിരവധി കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് കരുതുന്ന ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം. ബ്ലൂ വെയിലിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കും. മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ദൂരദര്‍ശന്‍ അടക്കം എല്ലാ ടെലിവിഷന്‍ ചാനലുകളും അപകടകാരിയായ ബ്ലൂ വെയിലിനെതിരെ ബോധവത്ക്കരണം നടത്തണമെന്നാണ് നിര്‍ദ്ദേശം. ഗെയിമിന്റെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡിയോ തയ്യാറാക്കണമെന്നും ചാനലിന്റെ പ്രൈം ടൈമില്‍ ഇത് സംപ്രേഷണം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ വീഡിയോ തയ്യാറാക്കി സംപ്രേഷണം ചെയ്യാനാണ് സുപ്രീംകോടതി നിര്‍ദ്ദേശം.

ബ്ലൂ വെയില്‍ ചാലഞ്ച് നിരോധിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകയായ സ്‌നേഹ കലിതയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. മുതിര്‍ന്ന അഭിഭാഷകനായ വിജയ് ഹന്‍സാരിയയാണ് ഹര്‍ജിക്കാരിക്ക് വേണ്ടി ഹാജരായത്. കേന്ദ്രസര്‍ക്കാരിന് വേണ്ടി പി.എസ് നരസിംഹയും ബെഞ്ചിനു മുന്‍പാകെ ഹാജരായി. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എഎം ഖാന്‍വില്‍ഖാര്‍, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. കേസില്‍ നവംബര്‍ 20ന് സുപ്രീം കോടതി വീണ്ടും വാദം കേള്‍ക്കും.


Post A Comment: