ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികള്‍ യുദ്ധമേഖലകളില്‍ നിന്നും രാജ്യത്തിന്‍റെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും എത്താന്‍ സാധ്യത
ദില്ലി: ഇന്ത്യക്കാരായ ഐഎസ് തീവ്രവാദികള്‍ യുദ്ധമേഖലകളില്‍ നിന്നും രാജ്യത്തിന്‍റെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും എത്താന്‍ സാധ്യത. സിറിയയിലും ഇറാഖിലും ഐഎസ് പരാജയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരായ ജിഹാദികള്‍ രാജ്യത്തെ വിവിധ എയര്‍പോര്‍ട്ടുകളിലും തുറമുഖങ്ങളിലും വരാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ഇന്ത്യയില്‍ നിന്നും 91 പേര്‍ ഐഎസില്‍ ചേര്‍ന്നതായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ 67 പേര്‍ വിശുദ്ധ യുദ്ധം ചെയ്യുന്നതിനായി സിറിയയിലേക്ക് കടന്നിട്ടുണ്ട്. 24ഓളം പേര്‍ അഫ്ഗാനിസ്ഥാനിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുദ്ധത്തില്‍ പങ്കെടുക്കാത്തവര്‍ തുര്‍ക്കി വഴി ഇന്ത്യയിലേക്ക് കടക്കുമെന്നാണ് വിവരം. പതിനൊന്ന് പേര്‍ ഇന്ത്യയിലേക്ക് തിരിച്ച്‌ പോന്നിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഇന്ത്യയിലെത്തിയോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്നും യുദ്ധമേഖലയിലേക്ക് കടന്ന മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ഇന്ത്യയില്‍ നിന്നുമുള്ള ഭീകരര്‍ക്കായി ഇന്‍റലിജന്‍സ് ഏജന്‍സികള്‍ കൂടുതല്‍ തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇറാഖി, സിറിയ, റഷ്യ, അമേരിക്കന്‍ പ്രതിരോധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ഇന്ത്യന്‍ നീക്കം.

Post A Comment: