തൃശൂര്‍ നഗരത്തില്‍ നിന്ന് 16 ലക്ഷം രൂപയുടെയും ആറ്റൂരില്‍ നിന്നും 20 ലക്ഷം രൂപയുടെയും ചാവക്കാട് നിന്ന് രണ്ടര ലക്ഷം രൂപയുടെയും കള്ളനോട്ടുകള്‍ പിടികൂടി


തൃശൂര്‍ : തൃശൂര്‍ നഗരത്തില്‍ നിന്ന് 16 ലക്ഷം രൂപയുടെയും ആറ്റൂരില്‍ നിന്നും 20 ലക്ഷം രൂപയുടെയും ചാവക്കാട് നിന്ന് രണ്ടര ലക്ഷം രൂപയുടെയും കള്ളനോട്ടുകള്‍ പിടികൂടി. തൃശൂരില്‍ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാധന സാമഗ്രികളും ആറ്റൂരില്‍ നിന്ന് മൂന്ന് പേരെയും പിടികൂടി. തൃശൂര്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപത്തെ ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഭിച്ച ബാഗില്‍ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ടടിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് ബാഗില്‍ നിന്നും കണ്ടെത്തിയത്. ബാഗിന്റെ ഉടമസ്ഥരെക്കുറിച്ചോ ബാഗ് ഉപേക്ഷിച്ചതിനെ കുറിച്ചോ വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആറ്റൂര്‍ കമ്പനിപ്പടിയില്‍ നിന്നുമാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുമായി മൂന്ന് പേര്‍ പിടിയിലായത്. കുന്നംകുളം സ്വദേശി ജോയി, ചേലക്കര സ്വദേശി റഷീദ്, ആറ്റൂര്‍ സ്വദേശി മുജീബ് റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്. ചാവക്കാട് സി.ഐ. - കെ.ജി. സുരേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് കള്ളനോട്ടുമായി ഇവരെ പിടികൂടിയത്. രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ട് ചാവക്കാട് ടൗണില്‍ വാഹന പരിശോധനയ്ക്കിടെയാണ് ആദ്യം കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 20 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ കൂടി ആറ്റൂരില്‍ നിന്ന് പിടിച്ചെടുത്തത്. 2000, 500, 100 രൂപാ നോട്ടുകളുടെ കള്ളനോട്ടുകളുകളാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന മാഫിയകളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് ഇതുസംഭവിച്ച് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു. നേരത്തേ കൊടുങ്ങല്ലൂരില്‍ വ്യാപകമായി കള്ളനോട്ട് പ്രിന്റ് ചെയ്ത് വിതരണം ചെയ്ത ബി.ജെ.പി. പ്രവര്‍ത്തകരായ സഹോദരന്മാരെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കള്ളനോട്ട് പ്രിന്റ് ചെയ്യുന്ന സാമഗ്രികളും പോലീസ് കണ്ടെടുത്തിരുന്നു. സംഭവം ഏറെ വിവാദമാകുകയും കള്ളനോട്ട് മാഫിയകളുമായി ഇവര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാതെ അവസാനിക്കുകയായിരുന്നു. ഇതിനിടയിലാണ് തൃശൂരില്‍ നിന്ന് 16 ലക്ഷത്തിന്റെ കള്ളനോട്ടും പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച സാമഗ്രികളും പിടിച്ചെടുത്തിട്ടുള്ളത്. ഈസ്റ്റ് എസ്.ഐ.-എം.ജെ.ജിജോ, എ.എസ്.ഐ.-അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തി തുടര്‍നടപടികള്‍ സ്വീകരിച്ചത്.

Post A Comment: