കെ. എസ്. ആര്‍.ടി.സി സ്റ്റാന്റിനു സമീപമുള്ള ഹോട്ടലില്‍ നിന്നു പതിനാറ് ലക്ഷം രൂപയുടെ കളളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു

തൃശൂര്‍: കെ. എസ്. ആര്‍.ടി.സി സ്റ്റാന്റിനു സമീപമുള്ള ഹോട്ടലില്‍ നിന്നു പതിനാറ് ലക്ഷം രൂപയുടെ കളളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.  മതിലകം പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശി വാഴൂര്‍ വീട്ടില്‍ അശോകനെയാണ് ഈസ്റ്റ് സി.ഐ-കെ.സി സേതുവിന്റെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ആറിനാണ് കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുക്കാനെത്തിയ രണ്ട് വിദേശികളും മലയാളിയായ ഒരാളും കൊണ്ടുവന്ന ബാഗില്‍ നിന്ന് 16 ലക്ഷം രൂപയുടെ കള്ളനോട്ടും, കള്ളനോട്ട് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള കടലാസുകളും കണ്ടെടുത്തത്. ഹോട്ടലില്‍ നിന്നു ലഭിച്ച ഏക സി.സി.ടി.വി കാമറ ദൃശ്യത്തില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചത്. കെ.എസ്.ആര്‍.ടി സി സ്റ്റാന്റിലെ ടാക്‌സി ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു. ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ യാത്ര ചെയ്ത കൊടുങ്ങല്ലൂര്‍ ഭാഗം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. നഗരത്തിലെ വിവിധ ഹോട്ടലുകളിലും, ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. നഗരത്തിലെ ട്രാവല്‍ ഏജന്‍സി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെമ്പല്ലൂര്‍ സ്വദേശിയായ അശോകനെ കുറിച്ച് വിവരം ലഭിക്കുന്നതും, പ്രതി പിടിയിലാകുന്നതുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എസ്.ഐ-എം.ജെ ജിജോ, ഷാഡോ പോലീസ് അംഗങ്ങളായ എസ്.ഐ-വി.കെ.അന്‍സാര്‍, എ.എസ്.ഐമാരായ പി.എം.റാഫി, എന്‍.ജി.സുവൃതകുമാര്‍, സീനിയര്‍ സി.പി.ഒമാരായ ടി.വി.ജീവന്‍, പി.കെ.പഴനി സ്വാമി, എം.എസ്.ലിഗേഷ്, വിപിന്‍ദാസ് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അതേസമയം കളളനോട്ട് കേസില്‍ അറസ്റ്റിലായ അശോകന്‍ വിദേശത്ത് ജയിലില്‍ കഴിയുമ്പോഴാണ് കാമറൂണ്‍ സ്വദേശികളുമായി ബന്ധം സ്ഥാപിച്ചതും, നാട്ടിലെത്തി കള്ളനോട്ട് അച്ചടിച്ച് വിതരണം ചെയ്തതെന്നും പോലീസ്. 36 വര്‍ഷത്തോളമായി ഗള്‍ഫില്‍ എ.സി മെക്കാനിക്കായി അശോകന്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നിരോധിത മദ്യ വില്‍പ്പന നടത്തിയതിന് മസ്‌ക്കറ്റ് പോലീസ് അറസ്റ്റ് ചെയ്യുകയും, ആറ് മാസത്തോളം ജയിലില്‍ കിടക്കുകയും ചെയ്തു. ജയിലില്‍ വെച്ചാണ് എ.ടി.എം തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന കാമറൂണ്‍ സ്വദേശികളുമായി പരിചയത്തിലായത്. പിന്നീട് കള്ളനോട്ടടിയെ കുറിച്ച് വിദേശികളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. വിദേശത്ത് നിന്ന് വിസ കാന്‍സലായി നാട്ടില്‍ തിരിച്ചെത്തിയതിന് ശേഷം സാമ്പത്തിക നഷ്ടങ്ങള്‍ മറികടക്കുന്നതിനായി കാമറൂണ്‍ സ്വദേശികളുമായി ചേര്‍ന്ന് കള്ളനോട്ട് അച്ചടി തുടങ്ങി. അറസ്റ്റിലായ പ്രതിയും വിദേശികളും ചേര്‍ന്ന് എത്ര ലക്ഷം രൂപയുടെ കള്ളനോട്ട് അച്ചടിച്ചിട്ടുണ്ടെന്നും , എത്ര കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ടെന്നും സംബന്ധിച്ച് അശോകനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ വിവരം ലഭിക്കുകയുള്ളൂവെന്ന് അന്വേഷണ സംഘം പറഞ്ഞു. കള്ളനോട്ട് കേസിലെ വിദേശികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അച്ചടിച്ച കള്ളനോട്ടും, അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറും മറ്റു ഉപകരണങ്ങളും കണ്ടെത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.


Post A Comment: