ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

ബെംഗളുരു: ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ രാജ്യസ്നേഹിയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കര്‍ണ്ണാടകയില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഭരണ-പ്രതിപക്ഷ പാര്‍ടികളായ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഭിന്നതകള്‍ നിലനില്‍ക്കവെയാണ് ടിപ്പുവിനെ പിന്തുണച്ച്‌ രാഷ്ട്രപതി രാംനാഥ് കോവിന്ദ് രംഗതെത്തിയത്.
കര്‍ണാടക നിയമസഭയുടെ (വിധാന്‍ സൌധ) വജ്ര ജൂബിലി ആഘോഷത്തില്‍സംയുക്ത സെഷനിലാണു രാഷ്ട്രപതിയുടെ പരാമര്‍ശം. ബ്രിട്ടിഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പു സുല്‍ത്താന്റേതു വീരചരമമായിരുന്നു. യുദ്ധത്തില്‍ മൈസുരു റോക്കറ്റുകള്‍ ഉപയോഗിച്ച അദ്ദേഹം വികസനകാര്യത്തില്‍ മുമ്ബേ നടന്നു. മൈസുരു റോക്കറ്റുകളുടെ സാങ്കേതികവിദ്യ പിന്നീട് യൂറോപ്യന്മാര്‍ സ്വീകരിച്ചു രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡസ്കിലടിച്ചാണു വരവേറ്റത്. ടിപ്പുവിന്റെ പോരാട്ടപാരമ്ബര്യം കര്‍ണാടക നിലനിര്‍ത്തുന്നുവെന്ന തരത്തിലും രാഷ്ട്രപതി സംസാരിച്ചു. ടിപ്പുജയന്തി ആചരണത്തിന്റെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ സംസ്ഥാനത്ത് വലിയ പോരാണു നടക്കുന്നത്. നവംബര്‍ പത്തിനാണു കര്‍ണാടക സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷം.
പരിപാടിയില്‍നിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തെഴുതിയ കേന്ദ്ര സഹമന്ത്രി ആനന്ദ്കുമാര്‍ ഹെഗ്ഡെയാണു വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ടിപ്പു സുല്‍ത്താന്‍ അക്രമകാരിയും ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത സ്വേച്ഛാധിപതിയും ആണെന്നായിരുന്നു ആനന്ദ്കുമാറിന്റെ ആരോപണം. പരിപാടിയെക്കുറിച്ചു ഹെഗ്ഡെ നടത്തിയ ട്വീറ്റും വിവാദമായി. നാണംകെട്ട ചടങ്ങ് എന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍. ടിപ്പു സുല്‍ത്താനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ടിപ്പുവിന്റെ പിന്‍തലമുറക്കാര്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടക നിയമസഭയെ അഭിസംബോധന ചെയ്ത രാഷ്ട്രപതിയെ അഭിനന്ദിച്ചു മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നീടു ട്വീറ്റ് ചെയ്തു.


Post A Comment: