പഴയന്നൂരില്‍ കാറില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികളെ നാലു വര്‍ഷം കഠിനതടവിനും, രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു27 October 2017

തൃശൂര്‍: പഴയന്നൂരില്‍ കാറില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികളെ നാലു വര്‍ഷം കഠിനതടവിനും, രണ്ട് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പഴയന്നൂര്‍ കല്ലേപ്പാടം വീട്ടില്‍ കൃഷ്ണകുമാര്‍, പഴയന്നൂര്‍ തിരുത്തിപുള്ളിപ്പറമ്പില്‍ വീട്ടില്‍ ഹരിദാസ് എന്നിവരെയാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെന്നത്ത് ജോര്‍ജ്ജ് ശിക്ഷിച്ചത്. 2009 ലാണ് കേസിനാസ്പദമായ സംഭവം. തിരുവില്വാമല പഴയന്നൂര്‍ സംസ്ഥാനപാതയില്‍ പരിശോധനയ്ക്കിടയില്‍ അമിതവേഗത്തില്‍ വന്ന ടാറ്റാ ഇന്‍ഡിക്ക കാര്‍ പഴയന്നൂര്‍ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. വാഹനത്തിലെ രഹസ്യ അറയില്‍ സൂക്ഷിച്ച രണ്ട് വലിയ കന്നാസുകളില്‍ നിന്നാണ് 70 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത്. പഴയന്നൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ജെ. മാത്യുവാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിഭാഗത്തു നിന്ന് രണ്ട് രേഖകളും ഹാജരാക്കി. പിഴയടച്ചില്ലെങ്കില്‍ 3 മാസം തടവ് അനുഭവിക്കണമെന്നും ശിക്ഷാവിധിയില്‍ പറഞ്ഞിട്ടുണ്ട്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ജോണ്‍സണ്‍ ടി. തോമസ്, അഭിഭാഷകരായ എം.പി.ഷിജു, കെ..എച്ച്.ഹരിപ്രിയ എന്നിവര്‍ ഹാജരായി

Post A Comment: