ആധുനിക അറവുശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല, കുന്നംകുളത്തെ മാംസ വില്പനശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. നഗരത്തിലെ മുഴുവന്‍ മാംസ വില്പനശാലകളും അടച്ചുപൂട്ടിയേക്കും

കുന്നംകുളം: ആധുനിക അറവുശാലയുടെ നിര്‍മാണം പൂര്‍ത്തിയാക്കാനായില്ല, കുന്നംകുളത്തെ മാംസ വില്പനശാലകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്. നഗരത്തിലെ മുഴുവന്‍ മാംസ വില്പനശാലകളും അടച്ചുപൂട്ടിയേക്കും. സമയബന്ധിതമായി ആധുനിക അറവുശാലയുടെ നിര്‍മാണം നടത്താതിരുന്ന നഗരസഭയുടെ കെടുകാര്യസ്ഥതക്ക് ഒടുവില്‍ അടി കിട്ടുന്നു.  ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ഒരിക്കല്‍ അടച്ചുപൂട്ടുകയും പിന്നീടു നഗരസഭാ ഭരണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്ന് തുറക്കുകയും ചെയ്ത നഗരത്തിലെ മാംസ വില്പനശാലകളാണ് വീണ്ടും അടച്ചു പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുന്നത്. നിലവാരമുള്ള മാംസം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് 2010 ലാണ് ആധുനിക അറവു ശാലയുടെ നിര്‍മാണത്തിന് നഗരസഭാ തറകല്ലിടുന്നത്. 50 സെന്റോളം സ്ഥലത്ത് ഒരു കോടി പതിനാറു ലക്ഷം രൂപ ചിലവില്‍ പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കുകയും നിര്‍മാണത്തിന് ഐ ആര്‍ ടി സി ക്ക് ഇരുപത്തിമൂന്ന് ലക്ഷം രൂപ ആദ്യഘട്ടമായി നല്‍കുകയും ചെയ്തു. മൂന്നു ലക്ഷം ചിലവിട്ട് ഐ ആര്‍ ടി സി അറവുശാലക്ക് ചുറ്റുമതില്‍ നിര്‍മിച്ചെങ്കിലും പിന്നീട് തര്‍ക്കം മൂലം നിര്‍മാണം നിലക്കുകയുമായിരുന്നു. നഗരസഭയ്ക്ക് അറവു ശാലയില്ലെങ്കിലും ചാവക്കാട് നിന്ന് കൊണ്ട് വരുന്നതെന്ന പേരിലാണ് ഇത്രയും കാലം നഗരത്തില്‍ മാംസ കച്ചവടം നടന്നിരുന്നത്. കഴിഞ്ഞ വര്ഷം നഗരസഭയിലെ ആര്‍ എം പി കൌണ്‍സിലര്‍ ആയ സോമന്‍ ചെറുകുന്ന് ഇതിനെതിരെ കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടി വില്പനശാലകള്‍ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. പിന്നീടു ക്രിസ്തുമസ് സമയത്ത് ഭരണ സമിതി ഇടപെട്ടു വില്പന ശാലകള്‍ തുറന്നു നല്‍കിയെങ്കിലും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഈ വില്പന ശാലകല്‍ക്കൊന്നും തന്നെ ലൈസെന്‍സ് പുതുക്കി നല്‍കിയിരുന്നില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇവ അടച്ചുപൂട്ടണമെന്നാവശ്യപെട്ട് സോമന്‍ ചെറുകുന്ന് വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്, ഇതിലെ വിധി അടുത്ത ദിവസങ്ങളില്‍  ഉണ്ടാകുമെന്നാണ് അറിയുന്നത്. ആധുനിക അറവു ശാലയുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കി ലൈസന്‍സ് നല്കാനയില്ലെങ്കില്‍ മാംസത്തിനു വേണ്ടി നഗര വാസികള്‍ക്ക് മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരും.

Post A Comment: