നെ​യ്യാ​റില്‍ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കില്‍​പ്പെ​ട്ട യുവാക്കളില്‍ രണ്ടാമന്‍റെ മൃതദേഹവും കണ്ടെത്തി
കാ​ട്ടാ​ക്ക​ട: നെ​യ്യാ​റില്‍ കു​ളി​ക്കാ​നി​റ​ങ്ങി ഒ​ഴു​ക്കില്‍​പ്പെ​ട്ട യുവാക്കളില്‍ രണ്ടാമന്‍റെ  മൃതദേഹവും കണ്ടെത്തി. ക​ട​യ്ക്കാ​വൂര്‍ കീ​ഴാ​റ്റി​ങ്ങല്‍ എ​സ്.​ആര്‍. ഭ​വ​നില്‍ ശ​ശി​ധ​രന്‍ പി​ള്ള​യു​ടെ മ​കന്‍ ആ​ദര്‍​ശി​ന്റെ (20) മൃതദേഹമാണ് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറിനാരംഭിച്ച തെരച്ചില്‍ രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് അപകടമുണ്ടായ സ്ഥലത്തിന് തൊട്ടടുത്തുതന്നെ മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞത്. ആദര്‍ശിനൊപ്പം കുളിക്കാനിറങ്ങി കാണാതായ ആ​ര്യ​നാ​ട് ഇ​റ​വൂര്‍ തെ​ക്കേ​കാ​ല​ത്ത​റ​ക്കല്‍ മു​രു​ഗ​പ്പപ്പിള്ള- ശി​വ​കു​മാ​രി ദമ്പ​തി​ക​ളു​ടെ മ​കന്‍ മ​ണി​ക​ണ്ഠ​ന്‍റെ​ (20) മൃ​ത​ദേ​ഹം ഇന്നലെ ക​ണ്ടെ​ത്തി​യിരുന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് മൂ​ന്നു മ​ണി​യോ​ടെ ക​ള്ളി​ക്കാ​ട് മൈ​ല​ക്ക​ര​യ്ക്ക് സ​മീ​പ​ത്തെ ആ​റാ​ട്ടു​ക​ട​വി​ലാ​ണ് ഇ​വര്‍ ഒ​ഴു​ക്കില്‍​പ്പെ​ട്ട​ത്. നെ​യ്യാര്‍​ഡാ​മില്‍ മൈ​ല​ക്കര ആ​റാ​ട്ടു​ക​ട​വില്‍ വാ​ട്ടര്‍ ടാ​ങ്കി​നു സ​മീ​പ​ത്താ​ണ് ഇ​രു​വ​രും കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ആ​ര്യ​നാ​ട്ട് ഒ​രു വി​വാ​ഹ​ത്തില്‍ പ​ങ്കെ​ടു​ത്തശേ​ഷം മൈ​ല​ക്ക​ര​യി​ലെ സു​ഹൃ​ത്ത് അ​നൂ​പി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ളി​ക്കാ​നാ​യി ക​ട​വില്‍ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​നൂ​പും കൂ​ടെ​യി​റ​ങ്ങി. മു​ന്നില്‍ പോ​വു​ക​യാ​യി​രു​ന്ന ഇ​രു​വ​രും കാല്‍ വ​ഴു​തി ആ​റ്റി​ലേ​ക്ക് വീ​ണു. അ​നൂ​പ് ഇ​വ​രെ ര​ക്ഷി​ക്കാന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. തു​ടര്‍​ന്ന് നാ​ട്ടു​കാര്‍ പൊ​ലീ​സി​നെ​യും ഫ​യര്‍​ഫോ​ഴ്സി​നേ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ടെക്നോപാര്‍ക്ക് ജീവനക്കാരനായ ആദര്‍ശിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജയലക്ഷ്മി മാതാവും ആതിര സഹോദരിയുമാണ്.

Post A Comment: