തീവ്രവാദ സംഘടനയായ ഐഎസ്സുമായി ബന്ധമുള്ള നാലു മലയാളികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂര്‍: തീവ്രവാദ സംഘടനയായ ഐഎസ്സുമായി ബന്ധമുള്ള നാലു മലയാളികളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂര്‍, ചക്കരക്കല്ലില്‍ നിന്ന് രണ്ടുപേരെയും വളപട്ടണത്ത് നിന്ന് രണ്ടു പേരെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഐഎസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരുമായി ഇവര്‍ക്കു ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റിലായവര്‍ക്ക് പാസ്പോര്‍ട്ട്, വീസ, യാത്രാരേഖകള്‍ എന്നിവ സംഘടിപ്പിച്ച്‌ കൊടുത്തതില്‍ കസ്റ്റഡിയിലായവര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്‍റെ അടിസ്ഥാനത്തില്‍ യാത്രാ രേഖകളും പാസ്പോര്‍ട്ടും തയാറാക്കി നല്‍കിയ കണ്ണൂരിലെ ചില ട്രാവല്‍ ഏജന്‍സികളില്‍ അന്വേഷണ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു. അറസ്റ്റിലായ തലശേരി കുഴിപ്പങ്ങാട് തൗഫീഖിലെ യു.കെ. ഹംസ (57), തലശേരി കോര്‍ട്ട് കോംപ്ലക്സ് സൈനാസിലെ മനാഫ് റഹ്മാന്‍ (42), മുണ്ടേരി കൈപ്പക്കയ്യില്‍ ബൈത്തുല്‍ ഫര്‍സാനയിലെ മിഥ്ലാജ് (26), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ.വി.അബ്ദുള്‍ റസാഖ് (34), മുണ്ടേരി പടന്നോട്ട്മെട്ടയിലെ എം.വി. റാഷിദ് (24) എന്നിവരെ വിട്ടുകിട്ടാനുള്ള അപേക്ഷ ഇന്ന് തലശേരി കോടതി പരിഗണിക്കും. 15 ദിവസത്തേക്കാണ് പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിവൈഎസ്പി പി.പി. സദാനന്ദന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.

Post A Comment: