ചൊവ്വൂരിലെ റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി അരിയും ഗോതമ്പും കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

തൃശൂര്‍: ചൊവ്വൂരിലെ റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി അരിയും ഗോതമ്പും കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. ചേര്‍പ്പ് കെ.വി. വല്‍സന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള എ.ആര്‍.ഡി. 184-ാം നമ്പര്‍ റേഷന്‍ കടയില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. റേഷന്‍കടയില്‍ നിന്ന് ചുമട്ടുതൊഴിലാളികള്‍ ലോറിയില്‍ ചാക്കുകള്‍ കയറ്റുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ലോറി തടഞ്ഞ് സപ്ലൈ ഓഫീസില്‍ വിവരമറിയിച്ചത്. ജില്ലാ സപ്ലൈ ഓഫീസര്‍ കെ അജിത്ത്കുമാര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍ ടി. ആര്‍. ജയചന്ദ്രന്‍, താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ കെ.പി.ഷെഫീര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ സതീശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കടയില്‍ ഉണ്ടായിരുന്ന മട്ട അരിയില്‍ 41 ചാക്ക് കുറവ് കണ്ടെത്തി. റേഷന്‍കടയില്‍ എലികള്‍ ചത്തു കിടക്കുന്നതും കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് റേഷന്‍കട അടച്ചു പൂട്ടി സീല്‍ ചെയ്തു. ചേര്‍പ്പ് പോലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. 77 ചാക്ക് അരിയും ഗോതമ്പുമാണ് ചൊവ്വൂരിലെ റേഷന്‍കടയില്‍ നിന്ന് തൊഴിലാളികള്‍ ലോറിയില്‍ കയറ്റിയിരുന്നത്. ലോറിയില്‍ വേറെയും ധാന്യം നിറച്ച ചാക്കുകളുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത ലോറി കുരിയച്ചിറ സബ് ഡിപ്പോയിലെത്തിച്ച് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Post A Comment: