ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണുര്‍: ശാരീരിക പരിശീലനമെന്ന പേരില്‍ ആയുധ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എളുപ്പത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളും സംഘടനകളും പഠിപ്പിക്കുന്നത്. ദേശസ്നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വംതന്നെ ഊറ്റിക്കളയുന്നു. പവിത്രമായ ആരാധനാലയങ്ങളുടെ പരിസരംവരെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരം കേന്ദ്രങ്ങളെ കുറിച്ച്‌ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ തളാപ്പില്‍ സി.പി.എം നിയന്ത്രണത്തില്‍ ആരംഭിച്ച പ്രീ റിക്രൂട്ട്മെന്റ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനമാണ് ഇവിടെ നടക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സേനാ വിഭാഗങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള പരിശീലനമാണ് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐയ്ക്കാണ് പരിശീലന കേന്ദ്രത്തിന്‍റെ നടത്തിപ്പ് ചുമതല. ആര്‍മി റിക്രൂട്ട്മെന്റിലേക്കുള്ള ചെറുപ്പക്കാരുടെ താല്‍പര്യം മനസ്സിലാക്കിയാണ് സി.പി.എം പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിംഗ് ആരംഭിച്ചത്. ഇതുവഴി പാര്‍ട്ടിയിലേക്ക് യുവാക്കളെ കൂടുതലായി ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്. ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ആര്‍ജിക്കുന്ന സാമ്പത്തിക നേട്ടവും പുതിയ സംരംഭം തുടങ്ങാന്‍ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നു.

Post A Comment: