സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പേരില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രയ്ക്ക് ചാലക്കുടിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍

ചാലക്കുടി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റക്കാരാണെന്ന് ചൂണ്ടിക്കാട്ടിയ മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളുടെയും പേരില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കുമ്മനം രാജശേഖരന്‍. ജനരക്ഷായാത്രയ്ക്ക് ചാലക്കുടിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിക്കുകയായിരുന്നു ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍. ഏതാനും ചിലരുടെ പേരില്‍ നടപടിയെന്ന് പ്രഖ്യാപിച്ച് കേസ് പ്രഹസനമാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള ബാന്ധവമാണ് ഇതിന്റെ പിന്നിലെന്ന് കുമ്മനം കുറ്റപ്പെടുത്തി. അഴിമതി നടത്തുന്നതില്‍ ഇരു വിഭാഗങ്ങളും ഒറ്റക്കെട്ടാണ് അതുകൊണ്ടാണ് സോളാര്‍ അഴിമതിയില്‍ ഇപ്പോഴത്തെ സര്‍ക്കാരിന്റെ മൃദു സമീപനം. കോടികളുടെ അഴിമതി നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കാത്തതും ഇതിന് തെളിവാണ്. കേരളത്തില്‍ ജിഹാദി തീവ്രവാദം ഉണ്ടെന്ന് ആദ്യം പറഞ്ഞത് വി.എസ്.അച്യുതാനന്ദനാണ്. പിന്നീട് ഉമ്മന്‍ ചാണ്ടിയും അന്നത്തെ കേന്ദ്രമന്ത്രി പി.ചിദംബരവും അതു ശരിവച്ചു. ഇപ്പോള്‍ ഇതില്‍ പിണറായിയും സി.പി.എം നേതാക്കളും വേവലാതിപ്പെട്ടിട്ട് കാര്യമില്ല. ബി.ജെ.പി ജനരക്ഷാ യാത്രയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന മുദ്രാവാക്യം ജനനന്മയാണ്. അതുകൊണ്ടാണ് യു.ഡി.എഫും എല്‍.ഡി.എഫും ഒരുപോലെ എതിര്‍ത്തിട്ടും താന്‍ നയിക്കുന്ന യാത്ര ജനങ്ങള്‍ ഏറ്റെടുത്തതുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. അതിരപ്പിള്ളി പദ്ധതിയെ എതിര്‍ക്കുന്ന ഏതു പ്രസ്ഥാനത്തിന് ഒപ്പവും ബി.ജെ.പി ഉണ്ടാകും. പുഴയും കാടും പരിസ്ഥിതിയും നശിപ്പിച്ചുള്ള വികസനമല്ല നാടിനാവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗത്ത് ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര മന്ത്രി ബാബുലാല്‍, എം.പി മീനാക്ഷി ലേഖി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രകാശ് ബാബു, ജില്ലാ ജനറല്‍ സെക്രട്ടറി അനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സൗത്ത് ജംഗ്ഷനില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ എന്നീ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് ചാലക്കുടില്‍ സംഗമിച്ചത്. പ്രസിഡന്റുമാരായ കെ.എ.സുരേഷ്, പി.കെ.അനില്‍കുമാര്‍, പ്രശാന്ത് ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Post A Comment: