ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു .
ന്യൂഡൽഹി ∙ ദേശീയ
രാഷ്ട്രീയത്തെ വിവാദത്തിലേക്കു നയിച്ച നീക്കങ്ങൾക്കൊടുവിൽ
തിരഞ്ഞെടുപ്പു കമ്മിഷൻ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ
പ്രഖ്യാപിച്ചു. 182 അംഗ നിയമസഭയിലേക്കു രണ്ടു ഘട്ടമായാണു
വോട്ടെടുപ്പ്. ഡിസംബർ ഒൻപത്, 14 തീയതികളിൽ വോട്ടെടുപ്പും 18ന് വോട്ടെണ്ണലും നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അചൽകുമാർ
ജോതിയാണു ന്യൂഡൽഹിയിൽ വാർത്താസമ്മേളനത്തിൽ തീയതി പ്രഖ്യാപിച്ചത്. 2018 ജനുവരി 22നാണു ഗുജറാത്ത് നിയമസഭയുടെ കാലാവധി
അവസാനിക്കുന്നത്. ഡിസംബർ ഒൻപതിനു
നടക്കുന്ന ആദ്യഘട്ടത്തിൽ 89 നിയമസഭാ മണ്ഡലങ്ങളിലും
ഡിസംബർ 14നു രണ്ടാം ഘട്ടത്തിൽ 93 മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കും. തീയതി പ്രഖ്യാപിച്ചതോടെ ഗുജറാത്തിൽ
തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും
വോട്ടു ചെയ്തതാർക്കെന്നു കണ്ടു ബോധ്യപ്പെടാവുന്ന വിപിപാറ്റ് സംവിധാനവും
തിരഞ്ഞെടുപ്പിൽ ഉപയോഗിക്കും. വോട്ടു ചെയ്യുന്ന സ്ഥലത്തു സ്ഥാപിക്കുന്ന ‘മറ’യുടെ ഉയരം 24ൽനിന്ന് 30 ഇഞ്ചായി ഉയർത്താനും
തീരുമാനിച്ചിട്ടുണ്ട്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാണിത്. ഓരോ സ്ഥാനാർഥിക്കും
28
ലക്ഷം രൂപവരെ പ്രചാരണത്തിനായി ഉപയോഗിക്കാം. ആകെയുള്ള 50,128 പോളിങ് സ്റ്റേഷനുകളിൽ 102 എണ്ണവും സ്ത്രീകൾ
ഒറ്റയ്ക്കാകും കൈകാര്യം ചെയ്യുക.
നേരത്തേ, ഗുജറാത്തിനെ
ഒഴിവാക്കി ഹിമാചൽ പ്രദേശിലെ തിരഞ്ഞെടുപ്പു തീയതി മാത്രം
പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഡിസംബറിൽ
തിരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്തിനുവേണ്ടി പ്രധാനമന്ത്രി വമ്പൻ
പ്രഖ്യാപനങ്ങൾ നടത്താനിരിക്കുന്നതു കൊണ്ടാണു തിരഞ്ഞെടുപ്പു വിജ്ഞാപനം
വൈകിച്ചതെന്നായിരുന്നു ആരോപണം. ഏതാണ്ട് ഇതേ സമയത്തു തിരഞ്ഞെടുപ്പു നടക്കേണ്ട ഹിമാചൽ
പ്രദേശിലെ തീയതികൾ ഇക്കഴിഞ്ഞ ഒക്ടോബർ 12നു കമ്മിഷൻ
പ്രഖ്യാപിച്ചപ്പോൾ, ഗുജറാത്തിലേതു മാറ്റിവയ്ക്കുകയായിരുന്നു.
ഈ ഇടവേളയ്ക്കിടെ ഗുജറാത്ത് സന്ദർശിച്ച
പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിനായി ഒട്ടേറെ പ്രഖ്യാപനങ്ങളും ഉദ്ഘാടനങ്ങളും
നടത്തുകയും ചെയ്തു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ
ഗാന്ധിയും ഗുജറാത്തിൽ സന്ദർശനം
നടത്തി. നവംബർ ഒൻപതിനാണു ഹിമാചൽ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്. ഡിസംബർ 18ന് ഇരു സംസ്ഥാനങ്ങളിലെയും വോട്ട് ഒരുമിച്ചാണ് എണ്ണുക.
Post A Comment: