തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു.
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരിത്രത്തില്‍ ആദ്യമായി 36 അബ്രാഹ്മണരെ ശാന്തിമാരായി നിയമിക്കാന്‍ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ ചെയ്തു. ഇതില്‍ ആറുപേര്‍ ദളിത് വിഭാഗത്തില്‍പെടുന്നവരാണ്. പി.എസ്.സി മാതൃകയില്‍ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്താന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആകെ 62 ശാന്തിമാരെ നിയമിക്കുന്നതിനാണ് ശുപാര്‍ശ ചെയ്തത്. മുന്നാക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി. പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരാണ് പട്ടികയില്‍ ഇടം നേടിയത്. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറുപേരെ ശാന്തിമാരായി നിയമിക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്. രണ്ടാം ആന പാപ്പാന്‍ തസ്തികയിലേക്ക് 13 പേരെ നിയമിക്കാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. മുന്നാക്ക വിഭാഗത്തില്‍ പെട്ട മൂന്നുപേരാണ് ആന പാപ്പാന്‍ മെറിറ്റ് പട്ടികയിലുള്ളത്.

Post A Comment: