ഒരു ലക്ഷത്തില്‍പരം രൂപയുടെ കള്ള നോട്ടുകളുമായി മൂന്നംഗ സംഘത്തെ ചാവക്കാട് സി.ഐ-കെ.ജി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി.

ചാവക്കാട്: ഒരു ലക്ഷത്തില്‍പരം രൂപയുടെ കള്ള നോട്ടുകളുമായി മൂന്നംഗ സംഘത്തെ ചാവക്കാട് സി.ഐ-കെ.ജി.സുരേഷിന്‍റെ  നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. തൃശൂര്‍ പട്ടിക്കാട് സ്വദേശികളായ ചെള്ളിയില്‍ രവി, മണപ്പുറത്ത് സുഗു, കൂര്‍ക്കഞ്ചേരി പുതിയ വീട്ടില്‍ റാഫി എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പ്രതികളുടെ വീട്ടിലും കള്ളനോട്ട് കൊടുത്ത മറ്റു സ്ഥലങ്ങളിലുമായി തെളിവെടുപ്പ് നടന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ കള്ളനോട്ടു കേസിലെ മുഖ്യ പ്രതി റഷീദില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നുണ്ടായ അനേഷണത്തിലാണ് ഇവരെ പിടികൂടിയത്. റഷീദ് 2 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ തൃശൂര്‍ സ്വദേശികള്‍ക്കു കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. മലയോര മേഖലയായ പീച്ചി, പട്ടിക്കാട് എന്നിവിടങ്ങളില്‍ കള്ള നോട്ടുകള്‍ വ്യാപകമായി വിതരണം നടന്നതായി അറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് ഇവിടങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം പട്ടിക്കാട് പോലീസ് പിടികൂടിയ ചീട്ടുകളി സംഘത്തില്‍ നിന്ന് ലഭിച്ച നോട്ടുകള്‍ കോടതിയില്‍ ഹാജരാക്കി ട്രഷറിയില്‍ അടയ്ക്കാന്‍ ചെന്നപ്പോള്‍ അതില്‍ കള്ള നോട്ടുകള്‍ കണ്ടെത്തിയിരുന്നു. ഈ നോട്ടുകളിലെ സീരിയല്‍ നമ്പറുകള്‍ കഴിഞ്ഞ ദിവസം പിടികൂടിയ അതേ നമ്പറുകളിലുള്ളതാണ്. ഇതോടെയാണ് ഇവരെ പിടികൂടിയത്. എസ്.ഐ- മാധവന്‍ , എ.എസ്.ഐ -അനില്‍മാത്യു, സ്‌ക്വാഡ് അംഗങ്ങളായ സുദേവ് , രാഗേഷ് , സി.പി.ഒ- തോമസ് , വനിത സി.പി.ഒ-സൗദാമിനി എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. അതേ സമയം   മലയോര മേഖലയില്‍ വ്യാപകമായി കള്ളനോട്ടുകള്‍ വിതരണം നടത്തിയതായി പിടിയിലായ പ്രതികള്‍ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ലോട്ടറി വില്‍പനക്കാരനായ സുഗു സമ്മാനത്തുക നല്‍കുന്നതില്‍ കള്ള നോട്ടുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായ രവി പട്ടിക്കാട് ഹാഡ്‌വെയര്‍ ഷോപ്പിലെ സെയില്‍സ് മാനാണ് ഇയാള്‍. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ക്കും കടയുടമയെ കബിളിപ്പിച്ചു കടയിലും നോട്ടുകള്‍ വിതരണം നടത്തിയതായി പറയുന്നു. മറ്റൊരു പ്രതിയായ റാഫി പട്ടിക്കാട് മാംസ വില്‍പനക്കാരനാണ്. ഇയാള്‍ കാലികളെ വാങ്ങുന്ന ചന്തയിലും മറ്റും നോട്ടുകള്‍ വിതരണം നടത്തിയതായി പോലീസ് പറഞ്ഞു. കൂടാതെ കടകളിലും, സൂപ്പര്‍മാര്‍ക്കറ്റുകളിലും പെട്രോള്‍ പമ്പുകളിലും ഇവര്‍ നോട്ടുകള്‍ വിതരണം നടത്തിയിട്ടുണ്ട്. ഏകദേശം 80,000 രൂപ ഇവര്‍ ചിലവഴിച്ചതായി പോലീസ് പറഞ്ഞു.


Post A Comment: