പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ അബു വടക്കയിലിനെ തിരഞ്ഞെടുത്തു

പാവറട്ടി: പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി മുസ്ലീം ലീഗിലെ അബു വടക്കയിലിനെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന കോണ്‍ഗ്രസിലെ എന്‍.പി. കാദര്‍ മോന്‍ രാജി വെച്ചതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെയുള്ള പതിനഞ്ച് അംഗങ്ങളില്‍ കോണ്‍ഗ്രസിന് അഞ്ചും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് ഒന്നും മുസ്ലിം ലീഗിന് രണ്ടും സി.പി.എമ്മിന് നാലും ഒരു സ്വതന്ത്ര അംഗവുമാണ് ഉള്ളത്. ബി.ജെ.പി. അംഗങ്ങളായ രണ്ട് പേര്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനിന്നു. ഇന്ന് രാവിലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി അബു വടക്കയിലിന്‍റെ പേര് കോണ്‍ഗ്രസിലെ വിമല സേതുമാധവന്‍ നിര്‍ദേശിച്ചു. കേരള കോണ്‍ഗ്രസിലെ മിനി ലിയോ പിന്‍താങ്ങി. ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി വി.കെ. ജോസഫിന്റെ പേര് സി.പി.എം. ലെ കെ. ദ്രൗപതി നിര്‍ദേശിച്ചു. ശോഭ രഞ്ജിത്ത് പിന്‍താങ്ങി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി അബു വടക്കയിലിന് ഒന്‍പത് വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി.കെ.ജോസഫിന് മൂന്ന് വോട്ടും ലഭിച്ചു. ഇടതു മുന്നണി അംഗം ശോഭ രജ്ഞിത്തിന്റെ വോട്ട് അസാധുവായി.

Post A Comment: