സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിന് മലയാളി ഐ പി എസ് ഓഫീസറെ സഹായിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു


ചെന്നൈ: സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിന് മലയാളി ഐ പി എസ് ഓഫീസറെ സഹായിച്ച ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മലയാളി ഐ പി എസ് ഓഫീസറായ സഫീര്‍ കരീമിന്‍റെ ഭാര്യ കാഞ്ഞിരപ്പള്ളി സ്വദേശി ജോയ്സി ജോയിയെ തമിഴ്നാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ജോയ്സി ജോയിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെയാണ് ചെന്നൈ എഗ്മോറിലെ പരീക്ഷാ കേന്ദ്രത്തില്‍ വെച്ച്‌ നെടുമ്പാശ്ശേരി സ്വദേശി സഫീര്‍ കരീമിനെ കോപ്പിയടിച്ചതിന് അറസ്റ്റ് ചെയ്യുന്നത്. ചെന്നൈ എഗ്മോറിലെ സ്കൂളില്‍ പരീക്ഷാ സമയത്ത് സഫീര്‍ കരിമിന് ബ്ലൂട്ടൂത്ത് വഴി ഹൈദരാബാദില്‍ നിന്ന് ജോയ്സി ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയായിരുന്നു. പരീക്ഷാ ഹാളിലേക്ക് കടക്കുമ്പോള്‍ രണ്ടു ഫോണുകള്‍ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറിയെങ്കിലും മറ്റൊരു ഫോണില്‍ ബ്ലൂടൂത്ത് കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഷര്‍ട്ടില്‍ ഘടിപ്പിച്ച മൈക്രോ ക്യാമറ വഴി ചോദ്യ പേപ്പര്‍ ഭാര്യ ജോയ്സി ജോയിക്ക് അയച്ചു കൊടുക്കുകയും അവര്‍ സഫീറിന് ഉത്തരങ്ങള്‍ പറഞ്ഞു കൊടുക്കുകയുമായിരുന്നു. എന്നാല്‍ പരീക്ഷ തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ എത്തിയ പരിശോധക സംഘം സഫീര്‍ കരീം കോപ്പിയടിക്കുന്നുവെന്ന് കണ്ടെത്തി. സഫീര്‍ കരീം റിമാന്‍ഡിലാണ്. തിരുനെല്‍വേലി ജില്ലയിലെ നങ്കുനേരിയിലെ അസിസ്റ്റന്റ് കമ്മീഷണര്‍ ആയ സഫീര്‍ 2014 ബാച്ചിലെ ഐ പി എസ് ഓഫീസറാണ്. അന്ന് നൂറ്റി പന്ത്രണ്ടാം റാങ്ക് നേടിയാണ് സഫീര്‍ ഐ പി എസ് നേടിയത്.

Post A Comment: