പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് പുനപരിശോധിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യെ
ജയ്പൂര്‍: പൊതുപ്രവര്‍ത്തകരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ കൊണ്ടുവന്ന വിവാദ ഓര്‍ഡിനന്‍സ് പുനപരിശോധിക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യെ. ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണിത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, ജഡ്ജിമാര്‍ എന്നിവര്‍ക്കെതിരെ ഗവണ്‍മെന്റിന്‍റെ അനുമതിയില്ലാതെ വാര്‍ത്ത നല്‍കാന്‍ പാടില്ല എന്നതായിരുന്നു ഓര്‍ഡിനന്‍സ്. ഓര്‍ഡിനന്‍സ് നിലവില്‍ വന്നാല്‍ കോടതിക്കോ പൊലീസിനോ വ്യക്തികളുടെ പരാതിപ്രകാരം ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ല എന്നതാണ് മറ്റൊരു വസ്തുത. സംഭവം വിവാദമായതോടെ മുതിര്‍ന്ന മന്ത്രിമാരെയും ബിജെപി നേതാവ് അശോക് പര്‍നാമിയെയും തന്‍റെ വസതിയില്‍ വിളിച്ചുവരുത്തിയ രാജെ ഓര്‍ഡിനന്‍സ് പുനപരിശോധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചര്‍ച്ചയില്‍ കാബിനറ്റ് മന്ത്രിമാരായ രാജേന്ദ്ര രത്തോഡ്, ഗുലാബ്ചന്ദ് കടാരിയ, അരുണ്‍ ചതുര്‍വേദി, യൂനസ് ഖാന്‍ എന്നിവരും പങ്കെടുത്തതായാണ് വിവരം. ഓര്‍ഡിനന്‍സ് പ്രകാരം ആരോപണ വിധേയനായ നേതാവിനെയോ മറ്റുള്ളവരെയൊപറ്റി സര്‍ക്കാര്‍ അനുമതി നല്‍കുന്നതുവരെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ പോലും പറ്റാത്ത സ്ഥിതിയായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതിനോടൊപ്പം അഴിമതിക്കാരെ അതിവിദഗ്ദ്ധമായി സംരക്ഷിക്കാനും സാധിക്കുന്നതാണ് പുതിയ ഓര്‍ഡിനന്‍സ്.സെപ്റ്റംബര്‍ ആദ്യവാരം തയ്യാറാക്കിയ ഓര്‍ഡിനന്‍സ് ഇന്നലെ നിയമസഭയില്‍ അവതരിപ്പിക്കുന്നത് വരെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നേടാന്‍ ഇന്നലെ കഴിയാഞ്ഞത്. അതൃപ്തി അറിയിച്ച്‌ കോണ്‍ഗ്രസ് എംഎല്‍മാര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.

Post A Comment: