പുലര്‍ച്ചെ ഗാസിയാബാദില്‍ വച്ചാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയെ അറസ്റ്റ്‌ചെയ്തത്.


റായ്പൂര്‍: മന്ത്രിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങുന്ന വീഡിയോ തന്‍റെ കൈവശമുണ്ടെന്ന് അവകാശപ്പെട്ട് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് വിനോദ് വര്‍മ പറഞ്ഞു. പുലര്‍ച്ചെ ഗാസിയാബാദില്‍ വച്ചാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിനോദ് വര്‍മയെ അറസ്റ്റ്‌ചെയ്തത്. വിനോദിന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500 അശ്ലീല സിഡികളും രണ്ടുലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യയില്‍ അംഗമായ വിനോദ്, അമര്‍ ഉജ്ജ്വലയില്‍ ഡിജിറ്റല്‍ എഡിറ്ററായും പിന്നീട് ബി.ബി.സിയുടെ ഹിന്ദി എഡിഷനിലും ജോലിചെയ്തിരുന്നു. നിലവില്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തകനായി ജോലിചെയ്തുവരികയാണ്. മന്ത്രിക്കെതിരേ വിനോദ് ഒളികാമറാ ഓപ്പറേഷന്‍ നടത്തിവരുന്നതിനിടെയാണ് അദ്ദേഹത്തെ അറസ്റ്റ്‌ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപേഷ് ബഗേലിനെതിരെ പൊലിസ് കേസെടുക്കുകയും ചെയ്തിരുന്നു. മന്ത്രി ഉള്‍പ്പെട്ട ലൈംഗികാപവാദ സിഡി കൈവശമുണ്ടെന്ന് പറഞ്ഞതിനെതുടര്‍ന്നാണ് നടപടി. സിഡി വ്യാജമാണെന്ന് കാണിച്ച് മന്ത്രി പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിനോദ് കോണ്‍ഗ്രസുമായി ഗൂഢാലോചന നടത്തി പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

Post A Comment: