പറക്കമുറ്റാത്ത പ്രായത്തില്‍ വിമാനം പറത്തി ഒരു കൊച്ചു മിടുക്കന്‍റക്കമുറ്റാത്ത പ്രായത്തില്‍ വിമാനം പറത്തി ഒരു കൊച്ചു മിടുക്കന്‍. ആദം മുഹമ്മദ് അമീര്‍ എന്ന ഈജിപ്ഷ്യന്‍-മൊറോക്കന്‍ വംശജനായ ആറു വയസുകാരനാണ് എത്തിഹാദ് വിമാനത്തിന്‍റെ ഒരു ദിവസത്തെ പൈലറ്റായത്. ഭാവിയില്‍ ഒരു പൈലറ്റാകണമെന്ന് സ്വപനം കണ്ട കുഞ്ഞ് ആദത്തിന് ആദ്യ ആകാശ ഡ്രൈവിംഗ് അനുഭവം ആവേശം കൊള്ളിക്കുന്നതായിരുന്നു. ആദത്തിന് അഞ്ചു വയസും പതിനൊന്നു മാസവും മാത്രം പ്രായമുള്ളപ്പോള്‍ എത്തിഹാദ് ക്രൂവിനോട് വിമാനം പറത്തുന്നതിനെപ്പറ്റി ആധികാരികമായി സംസാരിച്ചതു മുതലാണ് ഈ കൊച്ചു മിടുക്കന്‍ താരമാകുന്നത്. മാത്രമല്ല, അന്ന് പൈലറ്റുമാരില്‍ ഒരാള്‍ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്‍ഹിറ്റാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആദത്തിന്‍റെ സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. ഒരു ദിവസത്തേയ്ക്കായിരുന്നു ആദം ക്യാപ്റ്റന്‍റെ വേഷം അണിഞ്ഞത്. ഇത്തിഹാദിന്‍റെ ട്രെയിനിങ് അക്കാദമിയിലേക്ക് ആദത്തെ ക്ഷണിച്ചുവരുത്തി എയര്‍ബസ് എ380യുടെ സ്റ്റിമുലേറ്ററിന്‍റെ പൈലറ്റാക്കി ഇരിപ്പിടവും നല്‍കി. പൈലറ്റാകാന്‍ പഠിക്കുന്നവരെ പരിശീലിപ്പിക്കാനാണു സ്റ്റിമുലേറ്ററുകള്‍ ഉപയോഗിക്കുന്നത്. ആകാശത്തു പറക്കുന്നില്ലെങ്കിലും പറക്കുന്ന വിമാനത്തിന്‍റെ കോക്പിറ്റിലെ സാഹചര്യങ്ങള്‍ തന്നെയായിരിക്കും ഇതിനുള്ളിലും. ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എ 380യുടെ കോക്പിറ്റും സാഹചര്യങ്ങളുമായിരുന്നു ആദമിന്.
ഏതാണ്ട് അഞ്ചു മണിക്കൂറിലധികം സമയം കുട്ടിപൈലറ്റായി ആദം തിളങ്ങി എന്നാണ് ഇത്തിഹാദ് പറയുന്നത്. ഇതിന്‍റെ വിഡിയോയും ഇത്തിഹാദ് പുറത്തുവിട്ടിട്ടുണ്ട്. ക്യാപ്റ്റന്‍ സമീറിനും മറ്റുപൈലറ്റുകള്‍ക്കുമൊപ്പമുള്ള യാത്ര മകന്‍ ഏറെ ആസ്വദിച്ചുവെന്ന് ആദത്തിന്‍റെ പിതാവ് മുഹമ്മദ് അമീര്‍ പറഞ്ഞു. പൈലറ്റുമാരും ക്യാബിന്‍ ക്രൂ മെമ്പര്‍മാരും നേരിട്ടെത്തി ആദമിനെ സ്വീകരിച്ചെന്നും, അവന് ശരിക്കും വിമാനം പറത്തുന്ന അനുഭവമായിരുന്നു ഉണ്ടായിരുന്നതെന്നും, അടിയന്തരസമയങ്ങളില്‍ എങ്ങനെയാണ് വിമാനം ലാന്‍ഡ് ചെയ്യുക, ഈ സമയത്ത് എങ്ങനെയാണു പ്രതികരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ആദം ചോദിച്ചതെന്നും പിതാവ് പറഞ്ഞു. മൊറോക്കോയില്‍ നിന്നും അബുദാബിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ആദം എന്ന കുട്ടി ശ്രദ്ധയില്‍പ്പെട്ടതെന്നും. ഞങ്ങളുടെ ക്രൂവിനോട് സംസാരിച്ച ആദം ഞെട്ടിച്ചുവെന്നും എത്തിഹാദ് പത്രക്കുറിപ്പില്‍ പറഞ്ഞു. അവന്‍റെ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹമെന്നും എത്തിഹാദ് പറഞ്ഞു. 'ക്യാപ്റ്റന്‍ ആദം, നിങ്ങളുടെ സ്വപ്നങ്ങള്‍ കൂടുതല്‍ ഉയരത്തിലാകട്ടേ'.. എന്ന ആശംസയോടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് എത്തിഹാദ് ആദമിനെ യാത്രയാക്കിയത്.


Post A Comment: