നടിയെ ആക്രമിച്ച കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി. തന്നെ ജയിലില്‍ അടച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പരാതി നല്‍കിയത്


തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കി. തന്നെ ജയിലില്‍ അടച്ചതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് പരാതി നല്‍കിയത്. ഫിലിം ചേംബര്‍ ഭാരവാഹിയും ദിലീപിന്റെ സുഹൃത്തുമായ സജി നന്ത്യാട്ട് ഇക്കാര്യം സ്ഥിരീകരിച്ചു.
ദിലീപിന്റെ പരാതിയില്‍ ആഭ്യന്തര സെക്രട്ടറി തുടര്‍നടപടി സ്വീകരിച്ചാലും ഇല്ലെങ്കിലും സി.ബി.ഐ അന്വേഷണത്തിന് കളമൊരുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നല്‍കിയ പരാതി സംബന്ധിച്ച കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് ദിലീപിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
എ.ഡി.ജി.പി ബി. സന്ധ്യയ്ക്കും മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ദിലീപ് ഉന്നയിക്കുന്നത്. ഗൂഢാലോചന അന്വേഷിച്ചാല്‍ ഞെട്ടിക്കുന്ന പല വിവരങ്ങളും പുറത്തുവരുമെന്നും ദിലീപ് വാദിക്കുന്നു. അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തത് ദിലീപിനെ വെട്ടിലാക്കിയിരിക്കുകയാണ്. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് കോടതിയെ സമീപിക്കാനാകില്ല.


Post A Comment: