തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ 3 വിദേശികള്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര, സിമോ ഫോട്‌സോ വിക്ടര്‍, ടെനെ ഫോങ്കോ ബോലിസ് എന്നിവരാണ് പോലീസ് പിടിയിലായത്.

തൃശൂര്‍: നഗരത്തിലെ ഹോട്ടലില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത സംഭവത്തില്‍ 3 വിദേശികള്‍ അറസ്റ്റില്‍. കാമറൂണ്‍ സ്വദേശികളായ ഇനോനി പിയേര, സിമോ ഫോട്‌സോ വിക്ടര്‍, ടെനെ ഫോങ്കോ ബോലിസ് എന്നിവരാണ് പോലീസ് പിടിയിലായത്. ഹോട്ടലില്‍ നിന്ന് കണ്ടെടുത്ത 16 ലക്ഷത്തിന്റെ കള്ളനോട്ടിനു പുറമേ  6 ലക്ഷത്തി 32,000 രൂപയുടെ കള്ളനോട്ടുകളും കള്ളനോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പ്രിന്റര്‍, സ്‌കാനര്‍, കമ്പ്യൂട്ടര്‍ എന്നിവയും പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ രാഹുല്‍ ആര്‍.നായറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ഈസ്റ്റ് സി.ഐ- കെ.സി.സേതു, എസ്.ഐ- എം.ജെ.ജിജോ, സിറ്റി ഷാഡോ പോലീസ് എസ്.ഐ- വി.കെ. അന്‍സാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് ബംഗളൂരൂവില്‍ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ഈമാസം ആറിനാണ് ഇവര്‍ തൃശൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റിനടുത്തുള്ള ഹോട്ടലില്‍ വാടകയ്ക്ക് മുറിയെടുക്കാനെത്തിയത്. തുടര്‍ന്ന് ഉപേക്ഷിച്ച ബാഗില്‍ നിന്നാണ് 16 ലക്ഷത്തിന്റെ കള്ളനോട്ടും സാമഗ്രികളും കണ്ടെടുത്തത്. ഇവരോടൊപ്പം ഹോട്ടലില്‍ എത്തിയിരുന്ന മതിലകം സ്വദേശി വാഴൂര്‍വീട്ടില്‍ അശോകനെ നേരത്തെ പിടികൂടിയിരുന്നു. ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കള്ളനോട്ട് കണ്ടെത്തിയ ദിവസം തന്നെ ചാവക്കാടും ചെറുതുരുത്തിയിലും ലക്ഷങ്ങളുടെ കള്ളനോട്ട് പിടിച്ചെടുത്തിരുന്നു. എ.എസ്.ഐമാരായ പി.എം.റാഫി, എന്‍.ജി.സുവൃതകുമാര്‍, അനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ടി.വി.ജീവന്‍, കെ.ഗോപാലകൃഷ്ണന്‍, പി.കെ.പഴനിസ്വാമി, എം.എസ്.ലിഖേഷ്, വിപിന്‍ദാസ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.


Post A Comment: