മലക്കപ്പാറ മേഖലയില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്‍റെ ആക്രമണം വാല്‍പ്പാറ, പന്നിമേട്, നല്ലമുടി എന്നിവിടങ്ങളിലായി കാട്ടാനകള്‍ സ്‌കൂളും കടകളും വീടും തകര്‍ത്തു.


മലക്കപ്പാറ: മേഖലയില്‍  വീണ്ടും കാട്ടാനകൂട്ടത്തിന്‍റെ ആക്രമണം വാല്‍പ്പാറ, പന്നിമേട്, നല്ലമുടി എന്നിവിടങ്ങളിലായി  കാട്ടാനകള്‍ സ്‌കൂളും കടകളും വീടും തകര്‍ത്തു. ചൊവ്വാഴ്ച രാത്രി ഇറങ്ങിയ ആനകള്‍ പന്നിമേട് ഭാഗത്തെ സര്‍ക്കാര്‍ യുപി സ്‌കൂളിന്റെ ചുമര്‍ തകര്‍ത്തു. പതിനൊന്ന് ആനകളാണു കൂട്ടത്തിലുണ്ടായിരുന്നത്. രാത്രി പത്തോടെ യായിരുന്നു സംഭവം. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ബഹളംവച്ചും പടക്കം പൊട്ടിച്ചും ആനകളെ ഓടിക്കുകയായിരുന്നു. ഇവിടെനിന്ന് ആറു കിലോമീറ്റര്‍ അകലെ നല്ലമുടി ഭാഗത്തു പുലര്‍ച്ചെ മൂന്നോടെ ഇറങ്ങിയ ഇതേ ആനക്കൂട്ടം ഇവിടത്തെ വിനായക ക്ഷേത്രത്തിന്റെ ഗ്രില്ലും സമീപത്തെ റേഷന്‍കടയും തകര്‍ത്തു. റഹിം എന്ന തൊഴിലാളിയുടെ വീടിന്റെ ചുമരും വസന്തയുടെ ചായക്കടയും ആനകള്‍ തകര്‍ത്തു. നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ആനകള്‍ നല്ലമുടി സൂയിസൈഡ് പോയിന്റിനു സമീപത്തേക്കു കയറിപ്പോയി. തിങ്കളാഴ്ച രാത്രി മലക്കപ്പാറ മേഖലയില്‍ കാട്ടാനകള്‍ മൂന്നു വീടുകളും കടയും തകര്‍ത്തിരുന്നു. ഈ പ്രദേശത്തിനു കിലോമീറ്ററുകള്‍ മാത്രമകലെയാണ് വീണ്ടും ആനയിറങ്ങിയത്  ഇതുമൂലം മേഖയിലേക്കു വിനോദ സഞ്ചാരികള്‍ പ്രവേശിക്കുന്നതു വനം വകുപ്പ് അധികൃതര്‍ തടഞ്ഞു. 


Post A Comment: